കടുത്തുരുത്തി
തളരാതെയുള്ള പോരാട്ടമാണ് സിമിയുടെ ജീവിതം. ഭർത്താവിന്റെ വിയോഗത്തോടെ കരിനിഴൽ വീഴ്ത്തിയ ജീവിതത്തിനുമേൽ ഇടിത്തീപോലെ തീരാരോഗവും. പ്രതിസന്ധി കൺമുന്നിലുണ്ടെങ്കിലും ആഗ്രഹിച്ച പ്ലസ്ടുപരീക്ഷ എഴുതിയെടുക്കാൻ സിമിയെത്തി പ്രാണവായുവിന്റെ സഹായത്തോടെ. വൈക്കപ്രയാര്‍ മനയില്‍ വീട്ടില്‍ പി പി സിമിമോള്‍(50) ഓക്സിജന്‍ സിലിണ്ടറിന്റെയും ഓക്സിജന്‍ കോണ്സൺട്രേറ്ററിന്റെയും സഹായത്തോടെ പ്ലസ്ടു തുല്ല്യതാ പരീക്ഷയെഴുതി. കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലായിരുന്നു പരീക്ഷ .
2019 ൽ ഭര്‍ത്താവ് ജ്യോതിരാജിന്റെ(റിട്ട. എയർ ഫോഴ്സ്) മരണമാണ് സിമിയുടെ ജീവിതം ഉലച്ചത്. ശ്വാസസംബന്ധമായ രോഗം ഗുരുതരമായതോടെ ചികിത്സ തേടി. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ജീവൻ നിലനിർത്താൻ ഓക്സിജന്‍ സിലിണ്ടറും കോണ്സൺട്രേറ്ററും ജീവിതത്തിന്റെ ഭാഗമാക്കി. ഇടയ്ക്കിടെ രോഗം കലശലായതോടെ ആദ്യ വർഷം മാത്രമാണ് ക്ലാസിൽ പോകാൻ കഴിഞ്ഞത്. രണ്ടാംവർഷം വീട്ടിലായിരുന്നു പഠനം. രോഗം മൂലം അങ്കണവാടി അധ്യാപിക ജോലിയും നിർത്തി. പരീക്ഷ അടുക്കാറായപ്പോൾ ആശുപത്രിയിൽ ഐസിയുവിൽ കഴിയേണ്ടി വന്നത് നിരാശപ്പെടുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച ആശുപത്രിയിൽനിന്ന് വിടുതൽ ലഭിച്ചതോടെ പഠനം ഉഷാറാക്കി. ഞായറാഴ്ച എഴുതിയ ഇംഗ്ലീഷ് പരീക്ഷ എളുപ്പമായിരുന്നെന്ന് സിമി പറഞ്ഞു. അമ്മ സരോജിനിക്കും സഹോദരി സിനിമോള്ക്കുമൊപ്പമാണ് എത്തിയത്. സ്റ്റാഫ് റൂമില്‍ പരീക്ഷയെഴുതാന്‍ സാഹചര്യവുമൊരുക്കി. സാക്ഷരതാ മിഷന്റെ വൈക്കം സെന്ററിലാണ് പഠനം. 157 പേർ ഇവിടെനിന്നും പ്ലസ്ടു പരീക്ഷയെഴുതുന്നു. പരീക്ഷ 20ന് സമാപിക്കും. മകള്‍ അമൃത മംഗളൂരുവില്‍ ബിഡിഎസ് വിദ്യാർഥി.