തിരുവമ്പാടി
എട്ടാമത് മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി മൂന്ന് ദിവസമായി മലയോരത്തെ ഉത്സവലഹരിയിലാഴ്ത്തിയ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് ഇരുവഴിഞ്ഞിപ്പുഴയിലെ ഇലന്തുകടവിൽ നടന്ന ആവേശകരമായ ഡൗൺ റിവർ മത്സരത്തോടെ സമാപിച്ചു. മിന്നും പ്രകടനത്തോടെ ഉത്തരാഖണ്ഡിൽനിന്നുള്ള അമിത് താപ്പ “വേഗ രാജാവും “മധ്യ പ്രദേശുകാരി ശിഖ ചൗഹാൻ “വേഗ റാണി’യുമായി. ഞായറാഴ്ച രാവിലെ ചാലിപ്പുഴയിൽ ഇന്റർ മീഡിയറ്റ് ബോട്ടർ ക്രോസ് മത്സരങ്ങൾ നടന്നു. വൈകിട്ട് ഇരുവഴിഞ്ഞിയിലായിരുന്നു സാഹസികമായ ഡൗൺ റിവർ മത്സരങ്ങൾ. പുരുഷ വിഭാഗം പ്രൊഫഷണൽ ഡൗൺ റിവർ മത്സരത്തിൽ അമിത് താപ്പയും വനിതാ വിഭാഗം പ്രൊഫഷണൽ ചാമ്പ്യൻ ഷിപ്പിൽ ശിഖ ചൗഹാനും ഒന്നാം സ്ഥാനക്കാരായി .
സ്ലാലോം പ്രൊഫഷണൽ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എക്സ്ട്രീം സ്ലാലോം പുരുഷവിഭാഗത്തിൽ മൂന്നാം സ്ഥാനവും ഡൗൺ റിവർ പുരുഷവിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് 22 കാരനായ അമിത് താപ്പ” വേഗ രാജാവ്’ ആയത്.
സ്ലാലോം പ്രൊഫഷണൽ വനിതാ മത്സരത്തിലും എക്സ്ട്രീം സ്ലാലോം പ്രൊഫഷണൽ വിഭാഗത്തിലും ഡൗൺ റിവർ വനിതാവിഭാഗത്തിലും ഒന്നാം സ്ഥാനക്കാരിയായാണ് 19കാരി ശിഖ ചൗഹാൻ “വേഗറാണി’പട്ടം നേടിയത്. റാപ്പിഡ് രാജ, റാണി പട്ടങ്ങൾ മന്ത്രി എ കെ ശശീന്ദ്രൻ സമ്മാനിച്ചു. ഇലന്തുകടവിൽ സമാപന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. അഡ്വഞ്ച ർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ് (കോടഞ്ചേരി), മേഴ്സി പുളിക്കാട്ട്
(തിരുവമ്പാടി), ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി ടി അഗസ്റ്റിൻ, ടൂറിസം ജോ. ഡയറക്ടർ ടി ജി അഭിലാഷ് കുമാർ, ഡോ സുമന്ത്, ടി എസ് നിഖിൽ, പോൾസൺ അറയ്ക്കൽ, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.