ഇടുക്കി
മഴ കുറഞ്ഞതോടെ ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണിയിലെ എല്ലാ ഷട്ടറും അടച്ചു. ജലനിരപ്പ് 2386.74 എത്തിയതോടെ ശനി രാത്രിയാണ് തുറന്നിരുന്ന മൂന്നാംനമ്പർ ഷട്ടർ അടച്ചത്. അതിനുമുമ്പു തന്നെ മുല്ലപ്പെരിയാർ സ്പിൽവേഷട്ടറും അടച്ചിരുന്നു. കഴിഞ്ഞ ഏഴിനാണ് ചെറുതോണി ഷട്ടർ തുറന്നത്. മഴ വീണ്ടും ശക്തിപ്രാപിച്ചപ്പോൾ തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ഷട്ടറുകൾ തുറന്ന് സെക്കൻഡിൽ മൂന്നരലക്ഷം ലിറ്റർ വരെ പെരിയാറിലേക്ക് ഒഴുക്കിയിരുന്നു.
നിലവിൽ പദ്ധതി മേഖലയിൽ മഴയില്ല. സംഭരണശേഷിയുടെ 81.38 ശതമാനം വെള്ളം ഉണ്ട്. ഒരു ദിവസം 114.77 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകി എത്തുമ്പോൾ ഉൽപ്പാദനശേഷം 119.082 ലക്ഷം ഘനമീറ്ററും ഷട്ടറിലൂടെ 27.53 ലക്ഷം ഘനമീറ്ററും ഒഴുക്കുന്നു. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം 17.77 ദശലക്ഷം യൂണിറ്റാണ്.
ഇടമലയാറിന്റെ
2 ഷട്ടർ ഇന്ന് തുറക്കും
ഇടമലയാർ ഡാമിലെ ജലനിരപ്പിന്റെ റൂൾ കർവ് പാലിക്കുന്നതിനായി തിങ്കൾ രാവിലെ 10ന് രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർവീതം ഉയർത്തി 65 ക്യുമെക്സ് വെള്ളം ഒഴുക്കും. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മുൻകരുതൽ എന്നനിലയിലാണ് ജലനിരപ്പ് നിയന്ത്രിച്ചുനിർത്തുന്നത്. പെരിയാറിലും ജലനിരപ്പ് താഴ്ന്നനിലയിലാണ്.