കൊച്ചി
പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 14 വിഭജനഭീകരതയുടെ ഓർമദിനമായി ആചരിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം തള്ളി കേരളത്തിലെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ. മുഴുവൻ പൊതുമേഖലാ ബാങ്കുകൾക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർമാർക്കും കേന്ദ്രസർക്കാരിനുകീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസാണ് നിർദേശം നൽകിയിരുന്നത്. 10 മുതൽ 14 വരെ കൂടുതൽപേർ കാണുന്നവിധം വിഭജനഭീകരതയുടെ ചിത്രങ്ങൾ ബാങ്കുകളിൽ പ്രദർശിപ്പിക്കാനും അതിന്റെ ഫോട്ടോകൾ എടുത്ത് അയക്കാനുമായിരുന്നു നിർദേശം. പ്രദർശനം കാണാൻ കൂടുതൽപേർ എത്തുന്ന ശാഖകൾ കണ്ടെത്തണമെന്നും അറിയിച്ചിരുന്നു.
ആഗസ്ത് 14 വിഭജനഭീകരതയുടെ ഓർമദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് നടപടി. രാജ്യത്താകെ 773 ജില്ലകളിൽ 1000 കേന്ദ്രങ്ങളിലാണ് പ്രദർശനം തീരുമാനിച്ചത്. ഞായർ അവധിയായിരുന്നിട്ടും സംസ്ഥാനത്ത് ആറു പ്രധാന ബാങ്കുകളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിൽ മാനേജ്മെന്റുകൾ പ്രദർശനം സംഘടിപ്പിച്ചു. ഒരിടത്തും ജീവനക്കാർ സഹകരിച്ചില്ല. ഓഫീസർമാരിൽ വലിയൊരു വിഭാഗവും എതിരായിരുന്നു. പ്രദർശിപ്പിക്കാനുള്ള വിവരണങ്ങളോടുകൂടിയ ചിത്രങ്ങളുള്ള 52 പോസ്റ്ററുകൾ തയ്യാറാക്കി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് ബാങ്ക് മാനേജ്മെന്റുകൾക്ക് നൽകിയിരുന്നു.
ഹിന്ദുക്കളും സിഖും അരക്ഷിതാവസ്ഥയിൽ, ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, മുസ്ലിങ്ങൾക്ക് സുരക്ഷിത പലായനം, ഇന്ത്യയിലേക്ക് അഭയാർഥികളെ കൊണ്ടുവരാൻ പ്രത്യേക ട്രെയിൻ എന്നിങ്ങനെ അക്കാലത്തെ പത്ര തലക്കെട്ടുകളാണ് പോസ്റ്ററുകളിൽ വ്യാപകമായി ഉപയോഗിച്ചത്. പാകിസ്ഥാൻ വേണമെന്ന മുഹമ്മദാലി ജിന്നയുടെ പ്രഖ്യാപനം വിവരണങ്ങളോടെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വിഭജനത്തിന്റെ രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കാവുന്ന മഹാത്മാഗാന്ധിയുടെ ഒറ്റ ചിത്രംപോലുമില്ല.
രാജ്യത്ത് വിഭാഗീയത വളർത്തി വർഗീയമുതലെടുപ്പിനുള്ള നീക്കമാണിതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന ബെഫി പ്രസ്താവനയിൽ പറഞ്ഞു. അർധസത്യങ്ങളും വളച്ചൊടിച്ച വസ്തുതകളുമാണ് പ്രദർശിപ്പിച്ചത്. 1947 ആഗസ്ത് ഒമ്പതിന് മുസ്ലിംലീഗ് അംഗീകരിച്ച വിഭജനപ്രമേയം പ്രദർശനത്തിലുണ്ട്. എന്നാൽ, വിഭജനത്തിന് അടിത്തറപാകിയ 1937ലെ ഓൾ ഇന്ത്യാ ഹിന്ദു മഹാസഭാ യോഗത്തിലെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നും ബെഫി പ്രസ്താവനയിൽ പറഞ്ഞു.