നൗകാമ്പ്
വമ്പൻ താരങ്ങളുമായി എത്തിയ ബാഴ്സലോണയ്ക്ക് സ്പാനിഷ് ലീഗ് പുതിയ സീസണിലെ ആദ്യമത്സരത്തിൽ നിരാശ. റയോ വല്ലെകാനോയുമായി ഗോളടിക്കാതെ പിരിഞ്ഞു. സ്വന്തം തട്ടകത്തിൽ റോബർട്ട് ലെവൻഡോവ്സ്കി, റഫീന്യ, ആൻഡ്രിയാസ് ക്രിസ്റ്റൻസൺ എന്നീ പുതിയ താരങ്ങളുമായാണ് ബാഴ്സ ഇറങ്ങിയത്. പക്ഷേ, പരിശീലകൻ സാവിക്ക് നിരാശയോടെ മടങ്ങേണ്ടിവന്നു.
പത്തുപേരുമായാണ് ബാഴ്സ കളി അവസാനിപ്പിച്ചത്. രണ്ട് മഞ്ഞക്കാർഡ് വാങ്ങിയ സെർജിയോ ബുസ്-ക്വെറ്റ്സ് കളിയുടെ അവസാനഘട്ടത്തിൽ പുറത്തായി.
കളി തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുമ്പാണ് ബാഴ്സയ്ക്ക് പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യാനുള്ള അനുമതി കിട്ടിയത്. പ്രതിരോധതാരം ജൂലെസ് കൗണ്ടെയെ ഇപ്പോഴും രജിസ്റ്റർ ചെയ്യാനായിട്ടില്ല.വല്ലെകാനോക്കെതിരെ ലെവൻഡോവ്സ്കിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. റഫീന്യയും ഉസ്മാൻ ഡെംബെലെയും കിട്ടിയ അവസരങ്ങൾ പാഴാക്കി.