വെല്ലൂർ> രാജ്യത്ത് ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനും ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾ സംരക്ഷിക്കാനും കേന്ദ്ര സർക്കാർ തയ്യാറാവണം. കേന്ദ്ര സർക്കാരിന്റെ പല നടപടികളും എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ് എന്നിവ തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതാണെന്നും സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ വെല്ലൂരിൽ നടന്ന 35മത് സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനം ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ നേതാവ് അമാനുള്ളഖാൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികം ആഘോഷിക്കുമ്പോൾ സാമ്പത്തിക സ്വാശ്രയത്വം പൂർണമായും നഷ്ടപ്പെടുത്തുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.
സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് പി പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് വി രമേഷ്, ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര, തിരുച്ചി ശിവ (എംപി), കതിർ ആനന്ദ് (എംപി), പരശുരാമൻ (ജില്ല സെക്രട്ടറി, സിഐടിയു വെല്ലൂർ) എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ സത്യനാരായണൻ സ്വാഗതവും ടി സെന്തിൽ കുമാർ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിൽ ‘ലിംഗ നീതി’യെക്കുറിച്ചുള്ള പ്രത്യേക സെഷനിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ പ്രഭാഷണം നടത്തി. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ആഗസ്ത് 15ന് വൈകുന്നേരം അവസാനിക്കും.’പൊതുമേഖലയും ഇന്ത്യൻ സമ്പദ്ഘടനയും’ എന്ന വിഷയത്തിൽ ഞായറാഴ്ച ഡോ. തോമസ് ഐസക് പ്രഭാഷണം നടത്തും.