ന്യൂഡൽഹി> പൊതുജനങ്ങൾക്കായി വിവിധ സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗജന്യസേവനങ്ങൾക്കും ക്ഷേമനടപടികൾക്കും കടിഞ്ഞാണിടാനുള്ള നീക്കം കടുപ്പിച്ച് മോദി സർക്കാർ. ഇത്തരം സൗജന്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് സുപ്രീംകോടതിയിൽ നിലപാടെടുത്ത കേന്ദ്രം വിഷയം പഠിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ഒരു പ്രത്യേക സമിതിക്ക് രൂപം നൽകുമെന്നും അറിയിച്ചു. എല്ലാ ദേശീയ പാർടികളുടെയും ഒരു പ്രതിനിധിവീതം സമിതിയിൽ ഉൾപ്പെടുമെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു.
കേന്ദ്ര–- സംസ്ഥാന ധനസെക്രട്ടറിമാർ, ധനകമീഷൻ അധ്യക്ഷൻ, റിസർവ് ബാങ്ക് പ്രതിനിധി, നിതി ആയോഗ് സിഇഒ, തെരഞ്ഞെടുപ്പ് കമീഷൻ പ്രതിനിധി, ഫിക്കി–- സിഐഐ തുടങ്ങി വ്യാവസായിക സംഘടനകളുടെ പ്രതിനിധികൾ, സൗജന്യസേവനങ്ങൾ കാരണം പ്രതിസന്ധി നേരിടുന്ന മേഖലകളുടെ പ്രതിനിധികൾ എന്നിവരും സമിതിയിൽ ഉൾപ്പെടും. സൗജന്യവാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതിനുള്ള ഒരു കലയാക്കി ചില രാഷ്ട്രീയ പാർടികൾ മാറ്റുകയാണെന്ന് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.
ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗജന്യസേവനങ്ങൾക്കെതിരായി രംഗത്തുവന്നിരുന്നു. ഈ പ്രവണത അപകടകരമാണെന്നും അവസാനിപ്പിക്കേണ്ടതാണെന്നും കഴിഞ്ഞ ദിവസവും മോദി ആവർത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ സൗജന്യ വൈദ്യുതിയടക്കം വാഗ്ദാനം ചെയ്ത് ആം ആദ്മി പാർടി പ്രചാരണം ശക്തമാക്കിയതോടെയാണ് മോദിയും സംഘപരിവാറും എതിർപ്പ് ശക്തമാക്കിയത്.
വൻകിടക്കാരുടെ 10 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നവരാണ് പാവങ്ങൾക്കുള്ള സൗജന്യങ്ങളെ എതിർക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല എന്നിവരും മോദിയുടെ നിലപാടിനെ വിമർശിച്ചു.