തിരുവനന്തപുരം
ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലർമാർ വേണമെന്നും മുഴുവൻ സർവകലാശാലയുടെയും വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ റിപ്പോർട്ട്. സെനറ്റിനെ ചെറുതും കാര്യക്ഷമവുമായി ബോർഡ് ഓഫ് റീജന്റ്സായി മാറ്റണം. ഇത് സർക്കാർ, വിദ്യാഭ്യാസ–- സാംസ്കാരിക–- പൗര–- വ്യവസായ മേഖലകളിൽനിന്നുള്ള വിദഗ്ധർ അടങ്ങുന്നതായിരിക്കണം. ഇതിൽനിന്ന് ഒരാളായിരിക്കണം ചാൻസലർ. ബോർഡുമായി ചേർന്ന് ഭരണപരമായ കാര്യങ്ങൾ മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും മന്ത്രി ആർ ബിന്ദുവിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വൈസ് ചാൻസലറായി മികച്ച വിദ്യാഭ്യാസ വിചക്ഷണനെ നിയമിക്കണം. കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്തണം. 70 വയസ്സ് പൂർത്തിയാകുംമുമ്പാണെങ്കിൽ ഒരു തവണകൂടി പരിഗണിക്കാം. സെർച്ച് കം സെലക്ഷൻ കമ്മിറ്റി മുൻഗണനാടിസ്ഥാനത്തിൽ നൽകുന്ന ശുപാർശയിൽനിന്ന് ബോർഡ് ഓഫ് റീജന്റ്സാണ് വിസിയെ തെരഞ്ഞെടുക്കേണ്ടത്. വിസി കണ്ടെത്തുന്ന സർവകലാശാലയിലെ മൂന്നു പ്രൊഫസർമാരിൽനിന്ന് ഒരാളെ ബോർഡ് ഓഫ് റീജന്റ്സ് പ്രോ-–- വൈസ് ചാൻസലറാക്കണം.
മറ്റ് ശുപാർശകൾ
● ബോർഡ് ഓഫ് സ്റ്റഡീസ്, സ്കൂൾ/ഫാക്കൽറ്റി ബോർഡ്, അക്കാദമിക കൗൺസിൽ എന്നിവ വിദ്യാഭ്യാസ ഭരണത്തിന്റെ അച്ചുതണ്ടായി പ്രവർത്തിക്കണം
● പഠനപരമായ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ബോർഡ് ഓഫ് സ്റ്റഡീസിന്
● കരിക്കുലങ്ങളുടെയും സിലബസുകളുടെയും തുടർച്ചയും സ്ഥിരതയും ഉറപ്പാക്കാൻ സ്കൂൾ/ഫാക്കൽറ്റി ബോർഡ്
● വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സുപ്രധാനമായ അധികാരങ്ങൾ കൈകാര്യം ചെയ്യാൻ അക്കാദമിക കൗൺസിൽ
● സിൻഡിക്കറ്റ് തടരുമെങ്കിലും ആധിപത്യം നിയന്ത്രിക്കും
● പ്രതിദിന പ്രവർത്തനങ്ങളുടെ അധികാരം വൈസ് ചാൻസലറിന്
● വിജ്ഞാനസമൂഹം എന്ന ലക്ഷ്യത്തിനായി ‘സ്വാശ്രയ സുസ്ഥിര മേഖല’ സൃഷ്ടിക്കണം. സർക്കാരും സ്വകാര്യനിക്ഷേപകരും തമ്മിൽ സഹകരണം
● സ്വകാര്യ സർവകലാശാലകൾക്കായി ബിൽ കൊണ്ടുവരണം, മലബാറിൽ കൂടുതൽ കോളേജ്
● കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം 60 ആക്കണം
● നിയമനങ്ങൾ പിഎസ്സി, ഹയർ എഡ്യൂക്കേഷൻ സർവീസ് കമീഷൻ എന്നിവവഴിമാത്രം
● പൊതു അക്കാദമിക് കലണ്ടർ