ന്യൂഡൽഹി
ബിഹാറിൽ ബിജെപി ബന്ധം ജെഡിയു ഉപേക്ഷിച്ചതോടെ എൻഡിഎ സർക്കാർ വീണു. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച നിതീഷ്കുമാർ, ഏഴു കക്ഷികളുടെ മഹാസഖ്യത്തിന്റെ നേതാവ് എന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഫഗു ചൗഹാനെ കണ്ട് അവകാശവാദം ഉന്നയിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പമാണ് നിതീഷ് ഗവർണറെ കണ്ടത്. 164 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് നിതീഷ് ഗവർണർക്ക് കൈമാറി. നിതീഷിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധൻ ഉച്ചയ്ക്കുശേഷം നടക്കും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. സ്പീക്കർ സ്ഥാനവും ആർജെഡിക്ക് ലഭിക്കും. മഹാരാഷ്ട്ര മോഡലിൽ അധികാരം കൈക്കലാക്കാനുള്ള ബിജെപി നീക്കമാണ് ബിഹാറിൽ തകർന്നത്.
നിതീഷ്കുമാറിനെ രാഷ്ട്രീയമായി തളർത്താനും ജെഡിയുവിൽ പിളർപ്പുണ്ടാക്കാനും ബിജെപി നടത്തിയ ശ്രമങ്ങളാണ് എൻഡിഎ സർക്കാരിനെ തകർത്തത്. മഹാസഖ്യത്തിലേക്ക് തിരിച്ചുവരാൻ, കഴിഞ്ഞ മെയ് മുതൽ നിതീഷ് നീക്കം തുടങ്ങി. ജെഡിയു പ്രതിനിധിയായി കേന്ദ്രമന്ത്രിസഭയിൽ ഉണ്ടായിരുന്ന ആർ സി പി സിങ്ങിനെ ഉപയോഗിച്ച് ബിജെപി നിതീഷിനെ ആക്രമിച്ചതാണ് നിർണായകമായത്. ‘മഹാരാഷ്ട്ര മോഡൽ’ ആവർത്തിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് ജെഡിയു വിലയിരുത്തി.
ചൊവ്വാഴ്ച ചേർന്ന ജെഡിയു ജനപ്രതിനിധികളുടെ യോഗമാണ് ബിജെപിബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇതേസമയം, ആർജെഡിയുടെയും യോഗം ചേർന്നു. ഉച്ചയ്ക്ക് മുൻ മുഖ്യമന്ത്രി രാബ്റി ദേവിയുടെ വസതിയിൽ ചേർന്ന മഹാസഖ്യം എംഎൽഎമാരുടെ യോഗം നിതീഷിനെ നേതാവായി തെരഞ്ഞെടുത്തു. വൈകിട്ട് നിതീഷ് ഗവർണറെ കണ്ട് രാജിക്കത്ത് നൽകി. തുടർന്ന് നിതീഷും തേജസ്വിയും ഇതര നേതാക്കളും ജാഥയായി രാജ്ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
എൻഡിഎ വിടാൻ ജെഡിയു ഐകകണ്ഠ്യേനയാണ് തീരുമാനിച്ചതെന്ന് നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഏഴു പാർടിയും ഒരു സ്വതന്ത്രനും തന്നെ പിന്തുണയ്ക്കുന്നു. കൂടെ നിൽക്കുന്നവരെ തകർക്കുന്നതാണ് ബിജെപിയുടെ പ്രവർത്തനശൈലിയെന്ന് തേജസ്വി യാദവ് പറഞ്ഞു. മഹാരാഷ്ട്രയിലും പഞ്ചാബിലും ഇതാണ് കണ്ടതെന്നും തേജസ്വി യാദവ് പറഞ്ഞു. ജെഡിയു വഞ്ചിച്ചെന്നും നിതീഷിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്സ്വാൾ പ്രതികരിച്ചു.
ദേശീയരാഷ്ട്രീയത്തിൽ വഴിത്തിരിവാകും
ബിഹാർ ദേശീയരാഷ്ട്രീയത്തിൽ ദിശാമാറ്റത്തിന് തുടക്കംകുറിക്കും. പ്രതിപക്ഷ രാഷ്ട്രീയപാർടികൾ ബിഹാറിലെ സംഭവഗതികളെ സ്വാഗതം ചെയ്തു. ഇതര രാഷ്ട്രീയപാർടികളെയും ജനാധിപത്യസംവിധാനങ്ങളെയും ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ബിജെപിക്ക് വൻപ്രഹരമാണ് ബിഹാറിലേറ്റത്.
മോദി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കും ഇത് കരുത്തുപകരും. പ്രതിപക്ഷകക്ഷികൾ ഒന്നിച്ചുനീങ്ങിയാൽ ബിജെപിയെ അധികാരത്തിനു പുറത്താക്കാമെന്ന സന്ദേശവും ബിഹാർ നൽകുന്നു. ഹിന്ദിഹൃദയഭൂമിയിൽ ബിജെപിക്ക് സഖ്യകക്ഷികൾ ഇല്ലാതായെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ ബിജെപിക്കെതിരായ പോരാട്ടത്തിന് ഇനി ഗതിവേഗം കൂടുമെന്ന് ഡിഎംകെ പ്രതികരിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് കൂടുതൽ രാഷ്ട്രീയമാറ്റങ്ങൾ ഉണ്ടാകുമെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി പറഞ്ഞു.
സ്വാഗതാർഹമായ സംഭവവികാസങ്ങളാണെന്നും സ്ഥിതിഗതി നിരീക്ഷിച്ചുവരികയാണെന്നും സിപിഐ എം മുതിർന്ന നേതാവ് ഹന്നൻ മൊള്ള പറഞ്ഞു. ബിജെപിയുമായി സഹകരിക്കാൻ മറ്റ് പാർടികൾക്ക് കഴിയാത്തതിന് ഉദാഹരണമാണ് ബിഹാറിൽ ഉണ്ടായതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ബിജെപി സഖ്യത്തിൽ ആരും സുരക്ഷിതരല്ലെന്നും പ്രാദേശിക പാർടികളെ ഇല്ലാതാക്കുകയെന്നതാണ് ബിജെപിയുടെ നിലപാടെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് സുഖേന്ദു ശേഖർ റോയ് പറഞ്ഞു.