കരിപ്പൂർ
ഗൾഫ് സെക്ടറിൽ ടിക്കറ്റ് നിരക്കിൽ ഭീമമായ വർധനവരുത്തി വിമാനക്കമ്പനികൾ. എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് രണ്ടുമുതൽ നാലിരട്ടിവരെയാണ് വർധിപ്പിച്ചത്. അവധി കഴിഞ്ഞ് സെപ്തംബർ ആദ്യവാരം ഗൾഫ് നാടുകളിലെ സ്കൂൾ തുറക്കുന്നത് മുൻകൂട്ടി കണ്ടാണിത്. ഓണാവധിക്ക് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളെ ലക്ഷ്യംവച്ച് ഗൾഫിൽനിന്നും സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്കും വർധിപ്പിക്കാനാണ് നീക്കം. ഇത് 15നുശേഷം നിലവിൽവരും.
9500 രൂപയാണ് നിലവിൽ കരിപ്പൂർ –- ദുബായ് ടിക്കറ്റ് നിരക്ക്. ഇത് 40,000 രൂപവരെയായി വർധിപ്പിച്ചു. നെടുമ്പാശേരി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള നിരക്ക് 30,000 മുതൽ 40,000 രൂപവരെയാണ്. 9000 രൂപയുണ്ടായിരുന്ന കരിപ്പൂർ–- ബഹ്റൈൻ നിരക്കും 40,000 രൂപയാക്കി. 14,000 രൂപ നിരക്കുണ്ടായിരുന്ന ജിദ്ദ സർവീസ് 33,000രൂപയാക്കി ഉയർത്തി. 18,000 രൂപയുണ്ടായിരുന്ന കുവൈത്ത് സെക്ടറിൽ 34,000 രൂപയും 12,000 രൂപ നിരക്കിൽ സർവീസ് നടത്തിയിരുന്ന ഖത്തർ സെക്ടർ 28,000 മുതൽ 38,000 വരെയായും ഉയർത്തി. കരിപ്പൂരിന് സമാനമായ വർധനയാണ് സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലും വരുത്തിയത്.
കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ പ്രവാസികൾ കൂട്ടത്തോടെ നാട്ടിലെത്തുന്നത് ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ കൂട്ടുന്നത് പതിവാണ്. തിരക്കേറിയ സീസണിൽ സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്താതെ യാത്രക്കാരെ കൊള്ളയടിക്കുകയാണ് വിമാനക്കമ്പനികൾ.