തിരുവനന്തപുരം
തീരസമ്പദ്ഘടനയുടെ കുതിപ്പിന് വഴിയൊരുക്കാവുന്ന തീരദേശ ഹൈവേ പദ്ധതി പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട്. പാത കടന്നുപോകുന്ന ഒമ്പത് തീര ജില്ലയിലും ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ കല്ലിടൽ പുരോഗമിക്കുകയാണ്. മലപ്പുറത്തും കാസർകോട്ടും കല്ലിടൽ കരാറിന് ടെൻഡറായി. സ്ഥലം ഏറ്റെടുക്കേണ്ട 24 റീച്ചിൽ മൂന്നിടത്ത് കല്ലിടൽ പൂർത്തിയായി. 19 ഇടത്ത് പുരോഗമിക്കുന്നു. രണ്ടിടത്ത് കരാറുമായി. മലപ്പുറം പടിഞ്ഞാറേക്കര–-ഉണ്ണിയാൽ 15 കിലോമീറ്റർ റീച്ചിൽ നിർമാണപ്രവൃത്തികൾ പകുതി പൂർത്തിയായി. മൊയ്ദീൻപള്ളി–കേട്ടുങ്ങൽ നാലു കിലോമീറ്റർ റീച്ചിൽ പ്രവൃത്തികൾക്ക് തുടക്കമായി.
49 റീച്ചിൽ 623.15 കിലോമീറ്റർ ദൈർഘ്യത്തിലാണ് തീരദേശ ഹൈവേ പൂർത്തിയാകുക. ഇതിൽ 45 കിലോമീറ്റർ ദേശീയപാത 66ന്റെ ഭാഗമാണ്. 540.61 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. ഒരുവശത്ത് രണ്ടര മീറ്ററിൽ സൈക്കിൾ ട്രാക്കും ഏഴു മീറ്ററിൽ വാഹന പാത, നടപ്പാത, ബസ് വേകൾ ഉൾപ്പെടെ 14 മുതൽ 15.6 മീറ്റർവരെ വീതിയിൽ സംയോജിത തീര വിശാല പാതയാണ് യാഥാർഥ്യമാകുന്നത്.
കിഫ്ബി സഹായത്തോടെ 6500 കോടി രൂപ അടങ്കലിൽ നിർദിഷ്ട പാത ഒമ്പത് ജില്ലയിലെ 200 ഗ്രാമപഞ്ചായത്ത്, 11 നഗരസഭ, നാല് കോർപറേഷൻ എന്നിവയിലൂടെ കടന്നുപോകും. വിശാലപാതയാകുന്ന തീരപാതകളെ പൂർണമായും ബന്ധിപ്പിക്കാൻ 28 കിലോമീറ്റർ പുതിയ റോഡ്, പാലങ്ങൾ, മേൽപ്പാലങ്ങൾ എന്നിവയുമുണ്ടാകും.
തീരമണ്ഡലങ്ങളിലെ പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളെയാകെ സഹകരിപ്പിച്ചാണ് സ്ഥലം എടുക്കലടക്കം മുന്നേറുന്നത്. ആവശ്യത്തിന് സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഓരോ മേഖലയും ടെൻഡർ ചെയ്ത് നിർമാണത്തിലേക്ക് കടക്കുന്നു. ഏറ്റെടുക്കുന്ന സ്ഥലത്തിന് മികച്ച നഷ്ടപരിഹാരവും ആവശ്യമായിടത്ത് പുനരധിവാസവും ഉറപ്പാക്കുന്ന പാക്കേജിന്റെ കരടുമായി.