ഹെൽസിങ്കി
യുവേഫ സൂപ്പർ കപ്പിൽ ഇന്ന് റയൽ മാഡ്രിഡും ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടും ഏറ്റുമുട്ടും. ഫിൻലൻഡിലെ ഹെൽസിങ്കിയിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് കളി. ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ ചാമ്പ്യന്മാരും തമ്മിലുള്ളതാണ് സൂപ്പർ കപ്പ്. 1960ലെ യൂറോപ്യൻ കപ്പ് ഫെെനലിനുശേഷം ആദ്യമായാണ് റയലും ഐൻട്രാക്റ്റും മുഖാമുഖമെത്തുന്നത്.
കഴിഞ്ഞ സീസണിൽ ലിവർപൂളിനെ തകർത്താണ് റയൽ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. റേഞ്ചേഴ്സിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഐൻട്രാക്റ്റ് യൂറോപ കിരീടവുംനേടി. 2017നുശേഷമുള്ള ആദ്യ സൂപ്പർ കപ്പാണ് റയലിന്റെ ലക്ഷ്യം. നാല് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഐൻട്രാക്റ്റിന്റെ ആദ്യ സൂപ്പർ കപ്പ് ഫെെനലാണ്.
കഴിഞ്ഞ സീസണിൽനിന്ന് വലിയ മാറ്റമില്ലാതെയാണ് റയൽ എത്തുന്നത്. കരിം ബെൻസെമ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുൾപ്പെട്ട മുന്നേറ്റവും ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, കാസെമിറോ എന്നിവരടങ്ങിയ മധ്യനിരയുമാണ് റയലിന്. പ്രതിരോധത്തിൽ അന്റോണിയോ റൂഡിഗറാണ് പുതിയ താരം.