ന്യൂഡൽഹി
ഭിന്നശേഷി, പട്ടികജാതി, ഒബിസി വിഭാഗങ്ങളിലെ ആയിരക്കണക്കിനു പിഎച്ച്ഡി ഗവേഷകർക്ക് ഫെലോഷിപ് മുടങ്ങിയിട്ട് നാലുമാസം. ധനമന്ത്രാലയം ഏകപക്ഷീയമായി വരുത്തിയ പരിഷ്കാരമാണ് പ്രതിസന്ധിക്ക് കാരണം.
ഫെലോഷിപ്പിനെമാത്രം ആശ്രയിച്ച് ഗവേഷണം നടത്തുന്നവരുടെ സാഹചര്യം പരിഗണിക്കാതെയാണ് നീക്കം. സാമൂഹ്യനീതി–-ശാക്തീകരണ മന്ത്രാലയമാണ് യുജിസി വഴി ഇവർക്കുള്ള ഫെലോഷിപ് ഫണ്ട് നൽകുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഫണ്ട് ചെലവാക്കാൻ നോഡൽ ഏജൻസിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ചിൽ ധനമന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ, ഇതിനുള്ള നടപടി കേന്ദ്രം സ്വീകരിച്ചില്ല. ഇതോടെ ഏപ്രിൽമുതൽ സഹായം മുടങ്ങി. ഒബിസി, പട്ടികജാതി വിഭാഗങ്ങളിൽ നിലവിൽ 2300 ഗവേഷകവിദ്യാർഥികളുണ്ട്. ഭിന്നശേഷി വിഭാഗത്തിൽ ഓരോ വർഷവും 200 പേർക്കാണ് ഫെലോഷിപ്.