കൊൽക്കത്ത
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ മുസഫർ അഹമ്മദ് മെമ്മൊറിയൽ അവാർഡ് സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് നൽകി. വിദേശത്തായതിനാൽ അദ്ദേഹം നേതൃത്വം നൽകുന്ന പ്രതിത ട്രസ്റ്റ് ഡയറക്ടർ ഡോ. മാനവി മജുംദാർ പുരസ്കാരം ഏറ്റുവാങ്ങി. കൗശിക് ചാറ്റർജി, നെഹാൽ അഹമ്മദ്, ശംബാ സെൻ എന്നിവർക്കും അവാർഡുണ്ട്. മുസഫർ അഹമ്മദിന്റെ 134–-ാം ജന്മദിനത്തോടനുബന്ധിച്ച് മഹജതി സദനിലാണ് ചടങ്ങ് നടന്നത്.
സാധാരണക്കാർക്കും കർഷകർക്കും പാവപ്പെട്ടവർക്കുംവേണ്ടി ജീവിതം സമർപ്പിച്ച നേതാവിന്റെ പേരിൽ പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് സന്ദേശത്തിൽ സെൻ പറഞ്ഞു. സിപിഐ എം മുതിർന്ന നേതാവ് ബിമൻ ബസു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സൂര്യകാന്ത് മിശ്ര, രാമചന്ദ്ര ഡോം എന്നിവർ സംസാരിച്ചു.