ന്യൂഡല്ഹി> ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്കര് തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സംയുക്ത സ്ഥാനാര്ഥി മാര്ഗരറ്റ് ആല്വേയെയാണ് പരാജയപ്പെടുത്തിയത്. ബംഗാള് മുന്ഗവര്ണറാണ് ജഗ്ദീപ് ധന്കര്. ധന്കറിന് 528 വോട്ടുകള് ലഭിച്ചപ്പോള് പ്രതിപക്ഷ സ്ഥാനാര്ഥി മാര്ഗരറ്റ് ആല്വയ്ക്ക് ലഭിച്ചത് 182 വോട്ടുകളാണ്. 15 വോട്ടുകള് അസാധുവായി.
രാജസ്ഥാനിലെ കിത്താന ഗ്രാമത്തില് 1951-ലാണ് ജഗ്ദീപ് ധന്കര് ജനിച്ചത്. ചിറ്റോഗഢ് സൈനിക് സ്കൂളിലും രാജസ്ഥാന് സര്വ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്ത്തിയാക്കി.1989-91 കാലഘട്ടത്തില് രാജസ്ഥാനിലെ ജുഹുന്ജുനു മണ്ഡലത്തില് നിന്നും ജനതാദള് പ്രതിനിധിയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ സഭാകാലയളവില് ചന്ദ്രശേഖര് സര്ക്കാരില് പാര്ലമെന്ററി കാര്യമന്ത്രിയായി പ്രവര്ത്തിച്ചു. പിന്നീട് 1993-ല് രാജസ്ഥാനിലെ കിഷന്ഗണ്ഡ് മണ്ഡലത്തില് നിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കാലത്ത് രാജസ്ഥാന് ബാര് അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്ത്തിച്ചു.
2019-ലാണ് ജഗ്ദീപ് ധന്കര് പശ്ചിമബംഗാള് ഗവര്ണറായി കേന്ദ്രസര്ക്കാര് നിയമിച്ചത്. ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിയുമായുള്ള പരസ്യപോരിലൂടെ വാര്ത്തകളില് നിറഞ്ഞയാളാണ് ധന്കര്. മമത ബാനര്ജിയുമായി ഇടഞ്ഞുനിന്ന ധന്കര്ക്ക് രാജ്യസഭയില് പരസ്പരം പോരടിക്കുന്ന കക്ഷികള്ക്കിടയില് സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് ഇനി മുന്നിലുള്ളത്.