കുവൈറ്റ് സിറ്റി> കുവൈത്തിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ എട്ടായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ധ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറീയിച്ചു. ഈ വർഷം ജനുവരി മുതൽ ജൂൺ 30 വരെയുള്ള കണക്ക് പ്രകാരമാണിത്. ലൈസൻസ് ലഭിക്കുന്നതിനു അർഹമായ യോഗ്യതകളിൽ, പിന്നീട് മാറ്റം വന്നതിനെ തുടർന്നാണ് ഇവരുടെ ലൈസൻസുകൾ റദ്ദ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.
ശമ്പളം, തൊഴിൽ, യൂണിവേഴ്സിറ്റി ബിരുദം എന്നിങ്ങനെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനു ഗതാഗത വകുപ്പ്, കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയട്ടുണ്ട്. ഇതനുസരിച്ച് ലൈസൻസ് നേടുകയും പിന്നീട് തൊഴിൽമാറ്റം വരികയോ, ശമ്പളം കുറയുകയും ചെയ്തവരുടെ ലൈസൻസുകളാണ് റദ്ദായിരിക്കുന്നത്. പഠനാവശ്യത്തിന്നായി ലൈസൻസ് നേടുകയും, പിന്നീട് ആ കാറ്ററിയിൽ നിന്നും മാറുകയും ചെയ്തവർ, സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടി പുറത്ത് ജോലി ചെയ്യുന്ന ഡ്രൈവർമാർ, എന്നിവരുടെയും ലൈസൻസുകൾ റദ്ദാക്കപ്പെട്ട ഡ്രൈവിംഗ് ലൈസൻസുകളിൽ നല്ല പങ്ക് വരും.
ഗതാഗത വിഭാഗം പുറത്തുവിട്ട കണക്കുകളിൽ ശാരീരിക വൈകല്യങ്ങൾ ചൂണ്ടിക്കാട്ടി അൻപതോളം സ്വദേശികളുടെയും ഡ്രൈവിംഗ് ലൈസൻസുകളും ആഭ്യന്തര മന്ത്രാലയം റദ്ദു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രാജ്യത്തെ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള പത്ത് വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങളുടെ എണ്ണം വെട്ടി കുറക്കാനും ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിയോഗിച്ച പ്രത്യേക കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.