കൊച്ചി
ദേശീയപതാക സോഷ്യൽ മീഡിയയിൽ പ്രൊഫൈലാക്കുന്നതും വിളംബരം ചെയ്യുന്നതുമാണ് രാജ്യസ്നേഹമെന്ന ചിന്തയെ പരിഹാസ്യമെന്നേ പറയാനാകൂവെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി പറഞ്ഞു. രാജ്യസ്നേഹമെന്നത് പരസ്യങ്ങളിലൂടെയുള്ള സൂത്രപ്പണിയല്ല. രാജ്യത്തെ എല്ലാ ജനങ്ങളോടുമുള്ള സ്നേഹമാണ്. അതു തെളിയിക്കേണ്ടത് ദൈനംദിന ജീവിതത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്രനാഥ ടാഗോറിന്റെ കേരള സന്ദർശനത്തിന്റെ 100–-ാം വാർഷികത്തിന്റെയും മഹാത്മാഗാന്ധിയുടെ സന്ദർശനത്തിന്റെ 95–-ാം വാർഷികത്തിന്റെയും ഭാഗമായി മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗവും ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു തുഷാർ ഗാന്ധി.
രാജ്യസ്നേഹം മതാധിഷ്ഠിതമാകുന്നുണ്ട്. രാജ്യസ്നേഹത്തെ രാഷ്ട്രീയവൽക്കരിക്കാനും ആചാരവൽക്കരിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തലമുറകൾ രാജ്യത്തോടുള്ള ഉത്തരവാദിത്വം മറക്കുകയാണ്. മുമ്പുള്ളവർ ആവശ്യത്തിലധികം ത്യാഗം അനുഭവിച്ചിട്ടുണ്ടെന്നും ഇനി അത് ആസ്വദിക്കാനുള്ള കാലമാണ് മുന്നിലുള്ളതെന്നുമുള്ള ചിന്തയിലാണ് ഏറെ പേരും. അതേസമയം, പുതിയ തലമുറയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും വിദ്വേഷം വളർത്തുന്ന വിഷശക്തികളിൽനിന്നും ജാതി,- മത,- ലിംഗ- വിവേചനങ്ങളിൽനിന്നും രാജ്യത്തെ മോചിപ്പിക്കാൻ പുതുതലമുറയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയി അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഡോ. വിനോദ്കുമാർ കല്ലോലിക്കൽ, ഡോ. കെ എസ് ഷീബ, ഡോ. സിബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ചരിത്രനിമിഷത്തിന്റെ ഓർമകളിൽ നിറഞ്ഞ്
മഴച്ചാറ്റലേറ്റു നനഞ്ഞ മഹാരാജാസിലെ ഗോവണിപ്പടിയിലിരുന്ന് തുഷാർഗാന്ധി, ബാപ്പു (മുത്തശ്ശൻ)വിനെ ഓർത്തു. “എന്റെ ബാപ്പു മഹാരാജാസിൽ വന്നപ്പോൾ ഇരുന്നയിടമാണെന്നും കുറച്ചുനേരം ഇവിടെയിരിക്കട്ടെയെന്നും’ ചുറ്റുംകൂടിയ വിദ്യാർഥികളോട് പറഞ്ഞു. മഹാത്മാഗാന്ധി ആദ്യമായി മഹാരാജാസിലെത്തിയപ്പോൾ ഇരുന്ന പടികളിൽ പ്രപൗത്രൻ തുഷാർഗാന്ധിയും ഇരുന്നു. ആ ചരിത്ര നിമിഷത്തെക്കുറിച്ചുള്ള ഓർമയിൽ നിറഞ്ഞു ചിരിച്ചു.
രവീന്ദ്രനാഥ ടാഗോറിന്റെ കേരള സന്ദർശനത്തിന്റെ 100–-ാം വാർഷികത്തിന്റെയും മഹാത്മാഗാന്ധിയുടെ സന്ദർശനത്തിന്റെ 95–-ാം വാർഷികത്തിന്റെയും ഭാഗമായി മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.