കൊച്ചി
കേരള സ്റ്റാർട്ടപ് മിഷന്റെ പിന്തുണയോടെ കളമശേരിയിലെ ടെക്നോളജി ഇന്നൊവേഷൻ സോണിൽ പ്രവർത്തിക്കുന്ന ഈവ് ലാബ്സ് സ്റ്റാർട്ടപ് 1.58 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ജിറ്റോ എയ്ഞ്ചൽ നെറ്റ്വർക്, സ്മാർട്ട് സ്പാർക്സ്, വ്യക്തിഗത നിക്ഷേപകർ എന്നിവരിൽനിന്നാണിത്.
രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിന്റെ അളവ് കൃത്യമായി ക്രമീകരിക്കുന്നതിനും നഴ്സിങ് സ്റ്റേഷനിൽത്തന്നെ നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന ഡ്രിപ്പോ എന്ന ഉപകരണമാണ് കമ്പനി പുറത്തിറക്കുന്നത്. നിലവിലെ സംവിധാനത്തേക്കാൾ വളരെ ചെലവ് കുറവാണിതിനെന്നും രാജ്യത്താകെ ഉപകരണം എത്തിക്കാൻ നിക്ഷേപം ഉപയോഗപ്പെടുത്തുമെന്നും കമ്പനി സ്ഥാപകനും സിഇഒയുമായ എം എസ് വിഷ്ണു പറഞ്ഞു.
രാജ്യത്തെ ആരോഗ്യസാങ്കേതിക വ്യവസായം 2025 ആകുമ്പോഴേക്കും 12 ലക്ഷം കോടി ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈവ് ലാബ്സിന് ലഭിച്ച അംഗീകാരം ഈ വിഭാഗത്തിലെ സംരംഭങ്ങൾക്ക് വലിയ സാധ്യത തുറന്നുകൊടുക്കുമെന്നും കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു.