കൊച്ചി
രാജ്യത്ത് നിയമനിർമാണ സഭകൾ നോക്കുകുത്തി ആകുകയാണെന്ന് സ്പീക്കർ എം ബി രാജേഷ്. സംസ്ഥാനങ്ങളുടെ അവകാശം കേന്ദ്രം അട്ടിമറിക്കുകയാണ്. 2014ൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്ന ബില്ലുകളിൽ 70 ശതമാനം പാർലമെന്ററി സ്ഥിരംസമിതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ, ഇതിനുശേഷം എട്ടുവർഷത്തെ കണക്കെടുക്കുമ്പോൾ ഒന്നാംഎൻഡിഎ സർക്കാർ 27 ശതമാനവും രണ്ടാംസർക്കാർ 13 ശതമാനവും ബില്ലുകൾമാത്രമാണ് പരിശോധനയ്ക്ക് വിട്ടത്.
ബില്ലുകൾ പാർലമെന്റിനകത്തുപോലും ചർച്ച ചെയ്യാതെ പോകുന്നു. കേരളത്തിൽ എല്ലാ ബില്ലുകളും സ്ഥിരംസമിതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമ്പോഴാണ് രാജ്യം ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) ഹൈക്കോടതി യൂണിറ്റ് സ്വാതന്ത്ര്യത്തിന്റെ 75––ാംവാർഷിക ആഘോഷത്തിന്റെ ഭാഗമായി ‘ഇന്ത്യൻ ഭരണഘടന: ഭാവികളും വെല്ലുവിളികളും’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരം എക്സിക്യൂട്ടീവിൽമാത്രം കേന്ദ്രീകരിച്ച്, ഭരണഘടന ഉറപ്പുനൽകുന്ന പൗരരുടെ അവകാശങ്ങൾ ബിജെപി സർക്കാർ കവരുകയാണ്. 2014 മുതൽ 2021 വരെ 690 യുഎപിഎ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 10,882 പേർ തടവിലായി. യുഎപിഎ കേസുകളിൽ വൻവർധനയുണ്ടായി. ഇത് നീതിന്യായ വ്യവസ്ഥയ്ക്കുനേരെയുള്ള വെല്ലുവിളിയാണ്. പൗരത്വ നിയമഭേദഗതിയിലൂടെ ബിജെപി സർക്കാർ പൗരത്വത്തെ, മതത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർവചിക്കുന്നു. ഇതിന്റെ അർഥം രാഷ്ട്രത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർവചിക്കുന്നു എന്നാണെന്ന് എം ബി രാജേഷ് പറഞ്ഞു. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി. അഡീഷണൽ അഡ്വക്കറ്റ് ജനറൽ അശോക് എം ചെറിയാൻ, സ്റ്റേറ്റ് അറ്റോർണി എൻ മനോജ്കുമാർ, സി ഇ ഉണ്ണിക്കൃഷ്ണൻ, കെ എം രശ്മി എന്നിവർ സംസാരിച്ചു.