തിരുവനന്തപുരം
മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 6.63 കോടിയുടെ നഷ്ടം. ജൂലൈ 31 മുതലുള്ള കണക്കാണിത്. 1062 ട്രാൻസ്ഫോർമറിനു കീഴിലായി 2.04 ലക്ഷം ഉപയോക്താക്കൾക്കാണ് വൈദ്യുതി മുടങ്ങിയത്. 13 ട്രാൻസ്ഫോർമറിന് കേടുപാടുണ്ടായി. 806 പോസ്റ്റ് തകർന്നു. ഹൈ ടെൻഷൻ വൈദ്യുതിക്കമ്പികൾ 115 ഇടത്തും ലോ ടെൻഷൻ കമ്പികൾ 2820 ഇടത്തും പൊട്ടിവീണു. വിതരണശൃംഖല പൂർവസ്ഥിതിയിലാക്കാൻ 7.43 കോടി രൂപ ചെലവ് വരും. വൈദ്യുതിവിതരണം പൂർണമായി തടസ്സപ്പെട്ട 387 ട്രാൻസ്ഫോർമർ കണ്ണൂർ ജില്ലയിലാണ്. മറ്റുജില്ലകളിൽ: കാസർകോട് 100, ഇടുക്കി 20, എറണാകുളം 124, തൃശൂർ 121, കോഴിക്കോട് 34, മലപ്പുറം 82, തിരുവനന്തപുരം 13, കോട്ടയം 114, ആലപ്പുഴ 27, പത്തനംതിട്ട 20, കൊല്ലം 11, പാലക്കാട് ഒമ്പത്.