ന്യൂഡൽഹി
തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയപാർടികളുടെ നടപടി ഗുരുതര സാമ്പത്തികപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് സുപ്രീംകോടതി. പാർടികൾ വാരിക്കോരി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രവണത പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. നിതി ആയോഗ്, ധനകമീഷൻ, നിയമകമീഷൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഭരണകക്ഷി, പ്രതിപക്ഷപാർടികൾ തുടങ്ങിയവയുടെ പ്രതിനിധികൾ അടങ്ങുന്ന സമിതിയാണ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നത്. സമിതി രൂപീകരിക്കുന്ന വിഷയത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതി നിർദേശം നൽകി.
സൗജന്യവാഗ്ദാനങ്ങളാലുള്ള ഗുണങ്ങൾ എല്ലാ പാർടികൾക്കും ഉണ്ടെന്നും അതുകൊണ്ട് പാർലമെന്റിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സാധ്യത ഇല്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ നിരീക്ഷിച്ചു. കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമീഷനും ഈ വിഷയത്തിൽ ഒന്നും ചെയ്യാനാകില്ലെന്നു പറഞ്ഞ് മാറിനിൽക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുകാലത്തെ സൗജന്യവാഗ്ദാനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആം ആദ്മിയും കോൺഗ്രസും വിവിധ തെരഞ്ഞെടുപ്പുകളിൽ നടത്തിയ സൗജന്യവാഗ്ദാനങ്ങൾ മാത്രമാണ് ബിജെപി നേതാവ് തന്റെ ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.