കാബൂൾ
അൽ ഖായ്ദ മേധാവി അയ്മൻ അൽ സവാഹിരിയുടെ വധം ആസൂത്രണം ചെയ്യാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎക്ക് സഹായമായത് അദ്ദേഹം മുടങ്ങാതെ പിന്തുടർന്ന ദിനചര്യ. സവാഹിരി എല്ലാ ദിവസവും പുലർച്ചെ ബാൽക്കണിയിൽ ഒറ്റയ്ക്കിരുന്ന് വായിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഇതാണ് ദൗത്യം കൃത്യമായി നടപ്പാക്കാൻ സിഐഎയെ സഹായിച്ചത്.
ഏപ്രിലിൽ സവാഹിരി കാബൂളിലെ ഭവനത്തിൽ ഉണ്ടെന്ന് ഉറപ്പാക്കിയശേഷം വീടിന്റെയും പരിസരത്തിന്റെയും മാതൃകയുണ്ടാക്കി സിഐഎ തയ്യാറെടുപ്പുകൾ തുടങ്ങി. ഒസാമ ബിൻ ലാദനെ വധിച്ചപ്പോൾ ഉപയോഗിച്ച അതേ പ്രവർത്തനരീതിയാണ് പിന്തുടർന്നത്. ഒരിക്കലും വീടുവിട്ട് പുറത്തുപോകാത്ത സവാഹിരി വായിക്കാനായി നിത്യേന ബാൽക്കണിയിലെത്തുന്നത് അവസരമാക്കുകയായിരുന്നു. അതേസമയം, സവാഹിരി അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നതിനെപ്പറ്റി അറിവില്ലായിരുന്നെന്ന് ഐക്യരാഷ്ട്ര സംഘടന പ്രതികരിച്ചു.
ഭീകരവാദത്തിനെതിരെ യുഎൻ കടുത്ത നിലപാട് തുടരും. എന്നാൽ, ഇതിനെ ചെറുക്കാനുള്ള പ്രവർത്തനം അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് മാത്രം നടപ്പാക്കാൻ അംഗരാജ്യങ്ങൾ തയ്യാറാകണമെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് വ്യക്തമാക്കി.അതിനിടെ, സവാഹിരിയുടെ വധത്തിന് പ്രതികാരമായി പ്രത്യാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും വിദേശയാത്രാ വേളയിൽ പൗരർ ജാഗ്രത പാലിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ലോകമെമ്പാടുമുള്ള അമേരിക്കക്കാരും എംബസികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.