ന്യൂഡൽഹി
ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷ പാർടികളെ മോദി സർക്കാർ വേട്ടയാടുകയാണെന്ന് ആരോപിച്ച് പാർലമെന്റിന്റെ ഇരുസഭയിലും കോൺഗ്രസ് പ്രതിഷേധിച്ചു. കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡ് ഓഫീസിൽ ചൊവ്വാഴ്ച ഇഡി റെയ്ഡ് നടത്തിയ സാഹചര്യത്തിലായിരുന്നു പ്രതിഷേധം. ലോക്സഭ പലവട്ടം സ്തംഭിച്ചു. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.രാവിലെ പാർലമെന്റ് സമ്മേളിച്ചപ്പോൾത്തന്നെ ലോക്സഭയിൽ അധിർരഞ്ജൻ ചൗധരിയും രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയും ഇഡിയുടെ ദുരുപയോഗ വിഷയം ഉയർത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർടികളെയും നേതാക്കളെയും മോദി സർക്കാർ ലക്ഷ്യംവയ്ക്കുകയാണെന്ന് ചൗധരിയും ഖാർഗെയും പറഞ്ഞു.
മറ്റ് നടപടികൾ നിർത്തിവച്ച് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ചൗധരിയും ഖാർഗെയും ആവശ്യപ്പെട്ടെങ്കിലും സഭാധ്യക്ഷന്മാർ അനുവദിച്ചില്ല.