ചെന്നൈ
ലോക ചെസ് ഒളിമ്പ്യാഡിൽ ആറ് റൗണ്ട് അവസാനിച്ചപ്പോൾ വനിതകളിൽ ഒപ്പമുണ്ടായിരുന്ന ജോർജിയയെ കീഴടക്കി ഇന്ത്യയുടെ എ ടീം മുന്നിൽ. ഇന്ന് വിശ്രമമാണ്. അഞ്ച് റൗണ്ടാണ് ബാക്കിയുള്ളത്. എ ടീം അംഗങ്ങളായ കൊണേരു ഹമ്പി, ആർ വൈശാലി എന്നിവർ ജയിച്ചപ്പോൾ താനിയ സച്ദേവിനും ഡി ഹരികയ്ക്കും സമനില. ടീമിന് 12 പോയിന്റായി.
റുമാനിയയും അസർബൈജാനും 11 പോയിന്റുണ്ട്. ഇന്ത്യ സി, ജോർജിയ, ഉക്രയ്ൻ ടീമുകൾക്ക് 10. ഇന്ത്യൻ സി ടീമിന് ഒമ്പത് പോയിന്റ്. ഇന്ത്യൻ ബി ടീം ചെക്ക് റിപ്പബ്ലിക്കുമായി സമനില നേടി. പത്മിനി റൗട്ട്, വന്ദിക അഗൾവാൾ, മേരി ആൻ ഗോമസ്, ദിവ്യ ദേശ്മുഖ് എന്നിവരെല്ലാം സമനില നേടി.
ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ സി ടീം തിരിച്ചുവന്നു. തുടർച്ചയായി രണ്ട് കളി തോറ്റ സാഹിതി വർഷിണി, വിശ്വ വസ്നവാല എന്നിവർ ജയിച്ചു. ഇഷ കർവാഡേക്കും പി വി നന്ദിതയ്ക്കും സമനില. ഓപ്പൺ വിഭാഗത്തിൽ മികച്ച ഫോമിലായിരുന്ന ഇന്ത്യ ബി ടീം ആദ്യമായി തോറ്റു. ഇന്ത്യക്കൊപ്പം ഒന്നാമതുണ്ടായിരുന്ന അർമേനിയയാണ് തോൽപ്പിച്ചത്. ഡി ഗുകേഷ് ജയിച്ചപ്പോൾ ബി അഭിമാൻ, റൗണക് സധ്വാനി എന്നിവർ തോറ്റു. മലയാളിതാരം നിഹാൽ സരിന് സമനില. ജയത്തോടെ അർമേനിയ 12 പോയിന്റുമായി മുന്നിലെത്തി. അമേരിക്ക 11 പോയിന്റുമായി രണ്ടാമതുണ്ട്. ഇന്ത്യയുടെ എ, ബി ടീമുകൾക്കും ക്യൂബയ്ക്കും 10 പോയിന്റാണുള്ളത്.
ഇന്ത്യൻ എ ടീം ഉസ്ബെക്കിസ്ഥാനുമായി സമനിലയിൽ പിരിഞ്ഞു. പി ഹരികൃഷ്ണ ജയിച്ചപ്പോൾ കെ ശശികിരൺ തോറ്റു. വിദിത്ത് ഗുജറാത്തിക്കും അർജുൻ എറിഗെയ്സിക്കും സമനില. ഇന്ത്യൻ സി ടീം ലിത്വാനിയയെ തോൽപ്പിച്ചു. വിശ്രമദിനമായ ഇന്ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കാരും സംഘാടകരും ചേർന്നുള്ള പ്രദർശന ഫുട്ബോൾ മത്സരങ്ങൾ നടക്കും.