ബീജിങ്
ചൈനയുടെ തുടർ മുന്നറിയിപ്പുകൾ അവഗണിച്ച് തയ്വാൻ സന്ദർശിച്ചശേഷവും പ്രകോപനം മതിയാക്കാതെ അമേരിക്ക. തയ്വാൻ പ്രസിഡന്റ് സായ് ഇങ്വെനുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി അമേരിക്ക തയ്വാനെ കൈവിടില്ലെന്ന് വ്യക്തമാക്കി. സൈനികസഹായം നൽകുമെന്ന പ്രഖ്യാപനം ഒഴിവാക്കിയെങ്കിലും തയ്വാന്റെ സുരക്ഷ അമേരിക്ക ഉറപ്പാക്കുമെന്ന് പെലോസി വ്യക്തമാക്കി.
‘തയ്വാന് സ്വയം സംരക്ഷിക്കാനാകുമെന്ന് അമേരിക്ക ഉറപ്പാക്കും. തയ്വാന്റെ ജനാധിപത്യത്തിന് എല്ലാ പിന്തുണയുമുണ്ടാകും. അന്താരാഷ്ട്ര ഉച്ചകോടികളിൽ പങ്കെടുക്കുന്നതിൽനിന്ന് ചൈന തയ്വാനെ തടയുകയാണ്’–- പെലോസി പറഞ്ഞു. തന്റെ സന്ദർശനം അമേരിക്കൻ വിദേശനയത്തിന് എതിരല്ലെന്നും അവർ വാദിച്ചു.
തങ്ങളുടെ ഭാഗമായ തയ്വാനിൽ ഇടപെട്ട് അമേരിക്ക പ്രകോപനം തുടരുകയാണെന്നും ചൈന ഇതിന്റെ ഇരയാണെന്നും ചൈനീസ് വിദേശമന്ത്രാലയം പറഞ്ഞു. അമേരിക്ക തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. ചൈനയുടെ തിരിച്ചടി കടുത്തതും ഫലപ്രദവുമായിരിക്കും. നാൻസി പെലോസിയും സായ് ഇങ്വെനും ഉൾപ്പെടെയുള്ളവർക്കെതിരെ ഉപരോധം ഏർപ്പെടുത്താനും ഇടയുണ്ട്. അതേസമയം, പെലോസിയുടെ സന്ദർശനത്തിന് ജോ ബൈഡൻ സർക്കാർ പ്രത്യക്ഷ പിന്തുണ നൽകുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഏക ചൈന നയം പിന്തുടരുമെന്ന അമേരിക്കൻ തീരുമാനത്തിന് മാറ്റമില്ല. എന്നാൽ, തയ്വാനുമായി അനൗദ്യോഗിക, പ്രതിരോധ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതിൽ തെറ്റില്ലെന്നും ബൈഡൻ പ്രതികരിച്ചു.
നാറ്റോ അംഗത്വ വിഷയത്തിൽ ഉക്രയ്ന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുദ്ധവേശം വിതച്ചതിൽ പ്രധാനി അമേരിക്കയായിരുന്നു. സാഹചര്യം സംഘഷർത്തിലേക്ക് വഴുതി റഷ്യ–- ഉക്രയ്ൻ യുദ്ധത്തിൽ കലാശിച്ചപ്പോൾ അമേരിക്ക പിന്നാക്കംപോയി. സമാനമായ സാഹചര്യമാണ് തയ്വാനിലും അമേരിക്ക സൃഷ്ടിച്ചതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
തയ്വാനിൽ പ്രതിഷേധം
ഭരണനേതൃത്വം ഒരുക്കിയ ആഘോഷപൂർവമായ സ്വീകരണത്തിനിടയിലും തയ്വാനിൽ അമേരിക്കൻ പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനെതിരെ കടുത്ത പ്രതിഷേധം. ചൊവ്വ രാത്രിയെത്തിയ അവർ തങ്ങിയ ആഡംബര ഹോട്ടലിന് പുറത്തായിരുന്നു പ്ലക്കാർഡുകൾ ഏന്തിയുള്ള പ്രതിഷേധം. പെലോസി തിരികെ പോകുക, ചൈനയുമായി ശീതയുദ്ധം വേണ്ട, ഒരേയൊരു ചൈന തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രക്ഷോഭകർ ഉയർത്തി.