ദുബായ്> ദുബായുടെ മലയോര മേഖലയായ ഹത്തയിൽ പഴയ പുസ്തകങ്ങളുടെ മേള ആരംഭിച്ചു. ദുബായ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ സംഘടിപ്പിക്കുന്ന വേനൽ ക്യാമ്പിന്റെ ഭാഗമായി ദുബായ് കൾച്ചറൽ ആൻഡ് ആർട്ട് അതോറിറ്റിയാണ് ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്. പുസ്തകമേള ആഗസ്റ്റ് 28 വരെ നീണ്ടുനിൽക്കും.
അഞ്ചു മുതൽ 15 വയസ്സു വരെയുള്ള കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ സർഗാത്മകതയുടെയും വിനോദത്തിന്റെയും മേഖലകളിലേക്ക് കൂട്ടിക്കൊണ്ടുപോകുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. രണ്ടു ദിർഹം മുതൽ 10 ദിർഹംസ് വരെ മാത്രം വില ഈടാക്കി കഥകൾ, അറബി നോവലുകൾ, മതഗ്രന്ഥങ്ങൾ, നിയമം കവിത വൈദ്യം വിദ്യാഭ്യാസം സാങ്കേതികവിദ്യ ധനകാര്യം ചരിത്രം പൊതുവിജ്ഞാനം എന്നിവ ഉൾപ്പെടെ 2558 പുസ്തകങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
ക്യാമ്പിൽ കലാകാരി ആയിഷ അൽ ഹംറാനിയുമൊത്തുള്ള പെയിന്റിങ്ങും സർഗാത്മകതയും എന്ന ശില്പശാലയും, പതിനഞ്ചാം നൂറ്റാണ്ടിലെ അഗസ്റ്റസ് ചക്രവർത്തിയുടെ കാലത്തെ റോമൻ- ഈജിപ്ഷ്യൻ കലാപാരമ്പര്യത്തെ പരിചയപ്പെടുത്തുന്ന ടെമ്പിൾ ഓഫ് ഡെന്ഡൂർ പോലുള്ള പ്രശസ്തമായ കലാസൃഷ്ടികൾ പര്യവേക്ഷണം ചെയ്യാനാകുന്ന കലയിലൂടെയുള്ള യാത്ര എന്ന ശില്പശാലയും ഉൾപ്പെടുന്നു. എഴുത്തുകാരായ ബദ്രിയ അൽ ശംസി, നൂറ ഖൂരി, നാദിയ അൽ നജ്ജാർ, വഫ അൽ ശംസി, അഫ്ര മഹ്മൂദ് എന്നിവരുമൊത്തുള്ള ഇന്ററാക്ടിവ് സെഷനുകളും കുട്ടികളുടെ ഭാവനയെ പരിപോഷിപ്പിക്കുന്ന മറ്റു പ്രവർത്തനങ്ങളും ബുക് ഫെയറിന്റെ ഭാഗമായി നടക്കും.