അബുദാബി> സമുദ്ര ജൈവവൈവിധ്യ സംരക്ഷണവും പുനരധിവാസ ശ്രമങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഷാർക്ക് വീക്ക് സംഘടിപ്പിച്ചു. ജൂലൈ 24 മുതൽ 31 വരെ അബുദാബി നാഷണൽ അക്വേറിയത്തിലാണ് ഷാർക്ക് വീക്ക് സംഘടിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിന്ത് മുഹമ്മദ് അൽഹംരി, അബുദാബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോക്ടർ ഷെയ്ഖ സലം അൽദഹേരി എന്നിവർ ഇതിൻറെ ഭാഗമായി നാഷണൽ അക്വേറിയം സന്ദർശിച്ചു.
നമ്മുടെ മത്സ്യബന്ധന, വിനോദസഞ്ചാര വ്യവസായങ്ങളുടെ മുഖ്യഘടകമാണ് നമ്മുടെ സമുദ്രജലം, അത് വൈവിധ്യമാർന്ന ജീവജാലങ്ങൾക്ക് ആവാസ വ്യവസ്ഥകൾ നൽകുന്നെന്ന് മന്ത്രി മറിയം ബിന്ത് മുഹമ്മദ് അൽഹംരി പറഞ്ഞു. സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുക എന്നത് സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ ഉത്തരവാദിത്തമാണ്. ഷാർക്ക് വീക്ക് ആചരണം ലക്ഷ്യമിടുന്നത് സമുദ്ര ആവാസവ്യവസ്ഥയെ സന്തുലിതമായി നിലനിർത്തുന്നതിൽ സ്രാവുകൾ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ചും അമിതമായ മത്സ്യബന്ധനം, കടൽ മലിനീകരണം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ കാരണം സ്രാവുകൾ നേരിടുന്ന സമ്മർദ്ദങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളെ, പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും ബോധവൽക്കരിക്കുക എന്നതാണ് ഷാർക് വീക്ക് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഴത്തിലുള്ള ജലാശയങ്ങളിലേക്ക് കടക്കാതെ തന്നെ വൈവിധ്യമാർന്ന ജീവജാലങ്ങളെ അനുഭവിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന സംവിധാനമാണ് നാഷണൽ അക്വേറിയത്തിലുള്ളത്. അറേബ്യൻ വിപ്രേ, അറേബ്യൻ കാർപെറ്റ് ഷാർക്ക്, അലവി ഗിറ്റാർ ഫിഷ്, ബ്ലാക്ക് ടിപ്പ് റീഫ് ഷാർക്ക്, ബ്ലാക്ടിപ്പ് റീഫ് ഷാർക്ക്, സിക്കിൾഫിൻ ലെമൺ സ്രാവ്, സ്കലോപ്പ്ഡ് ഹാമർഹെഡ് ഷാർക്ക്, വൈറ്റ് സ്പോട്ടഡ് വെഡ്ജ്ഫിഷ് തുടങ്ങിയ നിരവധി ഇനം മത്സ്യങ്ങളാണ് അക്വേറിയത്തിൽ ഉള്ളത്. അടിഭാഗത്തായി ഗ്ലാസ് പ്രതലം ഉള്ള ബു ടിനാ ബോട്ടിലിൽ നിന്നുകൊണ്ട് സന്ദർശകർക്ക് മത്സ്യങ്ങളെ തൊട്ടടുത്ത് കാണാൻ ആകും. ഓരോ ജീവികളുടെയും പേരും സ്വഭാവവും വിശദീകരിച്ചു കൊണ്ട് ഗൈഡുകളും സന്ദർശകർക്ക് ലഭ്യമാകും. അക്വേറിയത്തിൽ എലാസ്മോബ്രാഞ്ചുകളുടെ ( സ്രാവുകളുടെയും റേകളുടെയും) ഏറ്റവും വിപുലമായ വൈവിധ്യമുണ്ട്, ഇത് എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് ഈ മൃഗങ്ങളെക്കുറിച്ച് പഠിക്കാനും ആസ്വദിക്കാനും ഒരു ശ്രദ്ധേയമായ അവസരം നൽകുന്നു.
ദേശീയ അക്വേറിയവുമായി സഹകരിച്ച് പരിസ്ഥിതി ഏജൻസി കടലാമ പുനരധിവാസ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. അപകടങ്ങളിൽ അകപ്പെട്ട കടലാമകളെ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സിക്കുകയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് തിരികെ വിടുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് ഇത്. ഇതുവരെയായി 500ഓളം ആമകളെ ഇങ്ങനെ സംരക്ഷിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്രാവ് രക്ഷാപ്രവർത്തനത്തിനും അബുദാബി പരിസ്ഥിതി ഏജൻസി നേതൃത്വം നൽകിയിട്ടുണ്ട്. 2020 ൽ മനുഷ്യനിർമ്മിത തടാകത്തിൽ കുടുങ്ങിയ ഒരു തിമിംഗലത്തെ പ്രത്യേകം രൂപകല്പന ചെയ്ത ഒരു ട്രാൻസ്പോർട്ട് ബാഗിലാക്കി 20 കിലോമീറ്ററിനപ്പുറത്ത് കടലിൽ കൊണ്ടു പോയി വിടുകയും, ആദ്യത്തെ അഞ്ച് ദിവസത്തിനുള്ളിൽ അത് അറേബ്യൻ കടലിൽ 273 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചു പോയത് നിരീക്ഷിക്കുകയും ചെയ്തു. സ്രാവുകൾ സമുദ്രത്തിലെ ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്ന ജീവികളിലൊന്നാണ്, ഇതിനാൽ അവയുടെ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. അതിനാൽ, അവബോധം വളർത്തുകയും അവയുടെ അതിജീവനത്തിനായുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതും പരിസ്ഥിതി ഏജൻസി ലക്ഷ്യമിടുന്നു.