ബംഗളൂരു> സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതക കേസ് എന്‍ഐഎക്ക് കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മൈ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കര്‍ണാടകയിലെത്തി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സൂചന ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് രണ്ട് പ്രതികളും പിടിയിലായത്. ബെല്ലാരിക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപാതകം. കടയുടെ ഷട്ടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടുപേര്‍ പ്രവീണിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ആക്രമണത്തിനുശേഷം ഇവര്‍ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിമധ്യേ മരണപ്പെട്ടതായാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെല്ലാരെ നഗരത്തില്‍ പൊലിസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.