മലയാളത്തിലെ അഞ്ചാമത്തെ ശബ്ദ ചിത്രമായ വെള്ളിനക്ഷത്രം സംവിധാനം ചെയ്ത ഫെലിക്സ് ജോൺ ഹെൻറി ബേസ് (Felix John Henry Baez) ജർമൻ ചാരനായിരുന്നോ എന്ന സംശയവുമായാണ് മലയാള മനോരമ വാരാന്തപ്പതിപ്പ് ജൂലൈ 17ന് ഇറങ്ങിയത്. ഫെലിക്സിനെ കേരളത്തിൽ കൊണ്ടുവന്ന ആലപ്പി അഷ്റഫ് ഈ സംശയം ഉന്നയിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയാണ് ലേഖനം.മനോരമ പറയുംപോലെ അത്ര ദുരൂഹമായ വ്യക്തിത്വമായിരുന്നോ ഫെലിക്സിന്റേത് ?
അദ്ദേഹം ചാരനായിരുന്നിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?
അദ്ദേഹത്തെപ്പറ്റി വിവരങ്ങൾ ലഭ്യമല്ല എന്ന് പറയുന്നത് ശരിയാണോ?
ദേശാഭിമാനി നടത്തിയ അന്വേഷണത്തിൽ കിട്ടിയ വിവരങ്ങൾചുവടെ:
അദ്ദേഹം ചാരനായിരുന്നിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?
അദ്ദേഹത്തെപ്പറ്റി വിവരങ്ങൾ ലഭ്യമല്ല എന്ന് പറയുന്നത് ശരിയാണോ?
യഥാർത്ഥത്തിൽ ജർമ്മനിയോട് കൂറ് കൂടുതലുള്ള അപകടകാരിയാണോ ഫെലിക്സ് എന്ന അന്വേഷണം എൺപത് വർ ഷം മുമ്പ് ബ്രിട്ടീഷുകാർ തന്നെ നടത്തിയിരുന്നു എന്നതാണ് വസ്തുത.
ആരായിരുന്നു ഫെലിക്സ് ജോൺ ഹെൻറി ബേസ്?
എന്തുകൊണ്ടാണ് അദ്ദേഹം സംശയിക്കപ്പെട്ടത് ?
എന്തായിരുന്നു ബ്രിട്ടീഷുകാരുടെ കണ്ടെത്തൽ ?
ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യൻ സർക്കാർ രേഖകളിൽ ഫെലിക്സിനെയും കുടുംബത്തെയും പറ്റി 36 പേജുള്ള ഫയൽ തന്നെ ലഭ്യമാണ്.
ഫെലിക്സ് ബേസ്
ഫെലിക്സ് ബേസ്
ജർമനിയിലെ ഷീൻബെർഗിൽ 1899 ജൂലൈ ഏഴിനാണ് ഫെലിക്സ് ജനിച്ചത്. സയന്റിഫിക്ക് ആന്റ് പ്രാക്ടിക്കൽ സിനിമാറ്റോഗ്രാഫിയിൽ എഞ്ചിനീയറിങ്ങ് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഒന്നാം ലോക മഹായുദ്ധക്കാലത്ത് സൈനിക സേവനത്തിന് നിർബന്ധിതനായി. വ്യോമസേനയിൽ ലെഫ്റ്റനന്റായിരുന്നു. 1925 ൽ ജർമനി വിട്ടു. കുറേക്കാലം ആസ്ട്രിയയിൽ വിയന്നയിൽ കഴിഞ്ഞു. 1931 ലാണ് ഇന്ത്യയിലെത്തുന്നത്. വടക്കേ ഇന്ത്യയിൽ പലയിടത്തായി ക്യാമറാമാനായി ജോലിചെയ്ത ഫെലിക്സ് 1934ൽ അജ്മിറിൽ വെച്ച് ബെല്ല ഹെതർ എന്ന യുവതിയെ വിവാഹം കഴിച്ചു. ബ്രിട്ടന്റെ ഭാഗമായ സ്ക്കോട്ട്ലണ്ടുകാരായിരുന്നു അവരുടെ മാതാപിതാക്കൾ. അഛൻ റോബർട്ട് ബാരി കാൺപൂരിൽ കിഴക്കൻ റെയിൽവെയിൽ ഡ്രൈവറായിരുന്നു. രണ്ട് സഹോദരന്മാരും റെയിൽവെയിൽ ജോലിചെയ്തിരുന്നു.
ബെല്ല ഹിന്ദി സിനിമകളിൽ പാർവണ എന്ന പേരിൽ നർത്തകിയായി ശ്രദ്ധേയയായിരുന്നു. മുന്‍പ് കാബറെ ഡാൻസറായും പ്രവർത്തിച്ചു. ഭർത്താവ് ക്യാമറമാനായും ഭാര്യ നർത്തകിയായും സിനിമയിൽ തുടരുന്നതിനിടയിൽ ഫെലിക്സിന് കൈക്ക് ഒരു അപകടത്തിൽപരിക്കേറ്റു. ക്യാമറ ഉപയോഗിക്കാൻ കഴിയാതെയായി. കുറേക്കാലം ഒരു ഡാൻസ്ഹാൾ മാനേജറായി ലക്നൗവിൽ പ്രവർത്തിച്ചു.
രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ ഇന്ത്യയിലുണ്ടായിരുന്ന ജർമ്മൻ പൗരന്മാർ നോട്ടപ്പുള്ളികളായി. അവരെ എല്ലാവരെയും അവരെ പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിച്ചു. ശത്രുരാജ്യത്തെ പൗരന്മാർ എന്ന നിലയിലാണ് അവരെ ഒന്നിച്ചു പാർപ്പിക്കുന്നത് . പിന്നീട് അവരെപ്പറ്റി അന്വേഷണം നടക്കും. ഫെലിക്സിന്റെയും കുടുംബത്തിന്റെയും കാര്യത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അനുക്കൂല റിപ്പോർട്ട് നൽകി. അതോടെ പരിശോധനാ സമിതി അവർക്ക് ഇളവു നൽകി. ഇവറീ മോചിപ്പിച്ചു.
ഇതിനിടെ കോയന്പത്തൂരിലെ സെൻട്രൽ സ്റ്റുഡിയോസിൽ ജോലികിട്ടി ഫെലിക്സും കുടുംബവും മദ്രാസ് സംസ്ഥാനത്തെത്തി. അവിടെ ഫെലിക്സിനെയും കുടുംബത്തെയും അധികൃതർ വീണ്ടും പിടികൂടി. നേരത്തെ കമ്മറ്റി നൽകിയ ഇളവ് ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ അവരെ ശത്രുരാജ്യ പൗരന്മാരെ സൂക്ഷിക്കുന്ന യേർക്കാട്ടുള്ള പരോൾ കേന്ദ്രത്തിലാക്കി.
തുടർന്ന് ഫെലിക്സ് നൽകിയ അപക്ഷ വിശദമായ പരിശോധനകൾക്ക് വിധേയമായി. ഫെലിക്സ് നാസി പക്ഷപാതിയാണോ എന്നറിയാൻ ഉത്തരേന്ത്യയിലും മദ്രാസ് സംസ്ഥാനം വീണ്ടും അന്വേഷണം നടന്നു.
താൻ എന്തുകൊണ്ട് നാസി വിരുദ്ധനാണ് എന്നതിന് കൃത്യമായ വിശദീകരണം ഫെലിക്സ് ഇതിനിടെ അധികൃതർക്ക് നൽകി. ഈ കത്ത് ബ്രിട്ടീഷ് രേഖകളിൽ ലഭ്യമാണ്.
അതിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഇങ്ങനെ:
ഞാൻ ജർമ്മനി വിട്ടിട്ട് 16 വർഷമായി. പിന്നീട് അവിടേയ്ക്ക് പോയിട്ടില്ല. 1934 മുതൽ ഇന്ത്യയിലാണ്. വിവാഹം കഴിച്ചപ്പോൾ കുടുംബ വിസയ്ക്ക് അപേക്ഷിച്ചിരുന്നു. ഭാര്യ ബ്രിട്ടീഷുകാരിയാതിനാൽ ലഭിച്ചില്ല. അതിനുശേഷം ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിച്ചു. അത് തീരുമാനം ആകും മുമ്പ് യുദ്ധം തുടങ്ങി. ഇനി ഇപ്പോൾ യുദ്ധം കഴിഞ്ഞാലേ പരിഗണിയ്ക്കാൻ കഴിയൂ എന്നാണു മറുപടി ലഭിച്ചത് . ഭാര്യ ഇതുവരെ ജർമ്മനിയിൽ പോയിട്ടില്ല. എന്നെ വിവാഹം കഴിച്ചതുകൊണ്ട് സ്വന്തം രാജ്യത്തിനെതിരാണ് അവർ എന്ന മട്ടിലാണ് അവരെ തടവിലാക്കിയത്. അത് എത്രമാത്രം വേദാനാജനകമായ കാര്യമാണെന്ന് ഓർക്കണം. ഞാൻ സിനിമോട്ടോ ഗ്രാഫറും ഭാര്യ നർത്തകിയുമാണ്. ഞങ്ങൾക്ക് വേറെ ഒരു രാഷ്ട്രീയ താല്പര്യവുമില്ല.
ഫെലിക്സ് ബ്രിട്ടീഷ് സർക്കാരിനു നൽകിയ കത്ത്
ഈ കത്തിന്റെ വെളിച്ചത്തിൽ നടത്തിയ അന്വേഷണത്തിൽ കിട്ടിയ വിവരങ്ങൾ എല്ലാം ഫെലിക്സിന് അനുകൂലമായിരുന്നു എന്ന് ലഭ്യമായ ഫയൽ കുറിപ്പുകളിൽ കാണാം. ഇത്രയും മാന്യനായ ഒരാളെ തടവിൽ വെക്കുന്നത് ശരിയല്ല എന്നുവരെ പരാമർശങ്ങൾ കാണാം.
അതെല്ലാം വിലയിരുത്തിയാണ് ഏർക്കാഡ് നിന്ന് ഫെലിക്സിനെയും കുടുംബത്തെയുംവിട്ടയക്കാൻ ബ്രിട്ടീഷ് സർക്കാരിന് വേണ്ടി മദ്രാസ് ചീഫ് സെക്രട്ടറി 1941 ജൂലൈ 25 ന് ഉത്തരവിടുന്നത്.
ഇതിനു ശേഷം ആറു വര്‍ഷം എങ്കിലും കഴിഞ്ഞാണ് ഫെലിക്സ് കേരളത്തിലെത്തുന്നത്. ആലപ്പി വിന്‍സന്റാണ് അദ്ദേഹത്തെ മദ്രാസില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുന്നത്. 1937ല്‍ മദ്രാസില്‍ കടപ്പുറത്ത് ക്യാമറയുമായി കണ്ട ജര്‍മ്മന്‍കാരനെ തേടി വിന്‍സന്റ് 1947 ഒക്ടോബറില്‍ വീണ്ടും എത്തുകയായിരുന്നു. ആലപ്പുഴയില്‍ ഉദയ സ്റ്റുഡിയോയില്‍ എത്തിയ ഫെലിക്സിനെ സംവിധായകനാക്കി സിനിമ തുടങ്ങ്ങി . ഉദയ സ്റ്റുഡിയോയുടെ ആദ്യ ചിത്രമായിരുന്നു വെള്ളിനക്ഷത്രം. സ്റ്റുഡിയോയുടെ ഡിസൈൻ രൂപപ്പെടുത്തുന്നതിലും ഫെലിക്സ് സജീവമായിരുന്നു.
ഫെലിക്സിനെയും കുടുംബത്തെയും സ്വതന്ത്രമായി ജീവിക്കാൻ അനുവദിച്ച് മദ്രാസ് ചീഫ്സെക്രട്ടറിയുടെ ഉത്തരവ്
1947-49 കാലത്തായിരുന്നു വെള്ളിനക്ഷത്രംത്തിന്റെ ചിത്രീകരണം. അപ്പോഴേക്കും ഇന്ത്യയിൽനിന്ന് ബ്രിട്ടീഷ് ഭരണം പോയിരുന്നു. രണ്ടാം ലോക യുദ്ധവും ഹിറ്റ് ല റു ടെ ഭരണവും അവസാനിച്ചിരുന്നു. 1945 ഏപ്രില്‍ 30നു ഹിറ്റ്ലര്‍ വെടിവെച്ചു മരിച്ചിരുന്നു. ജര്‍മ്മനി തന്നെ രണ്ടായി .ആ ഘട്ടത്തിൽ കേരളത്തിലെത്തി ഫെലിക്സ് ചാരവൃത്തി നടത്തി കിട്ടുന്നതൊക്കെ ആര്‍ക്കു കൊടുക്കാന്‍? 1914 ൽ ജർമ്മൻ കപ്പൽ എംഡൻ ആക്രമണം നടത്തിയ മദ്രാസ് തുറമുഖത്ത് ക്യാമറയുമായി 23 വര്ഷത്തിനുവേശേഷം കണ്ടു എന്നതും അദ്ദേഹം ആലപ്പുഴ തുറമുഖത്തിന്റെ ചിത്രം പകര്‍ത്തി എന്നതുമൊക്കെ എങ്ങനെ ചാരവൃത്തിക്ക് തെളിവാകും? ആലപ്പുഴ തുറമുഖത്തിന്റെ രഹസ്യ ചിത്രം കിട്ടിയിട്ട് ജര്‍മ്മനിയില്‍ അന്ന് ആര്‍ക്കെന്തു കാര്യം?
ഫെലിക്സ് വെള്ളിനക്ഷത്രത്തിൻെറ ചിത്രീകരണവേളയിൽ (ഫെലിക്സ് ബേസിന്റെ ക്യാമറ അസിസ്റ്റന്റായിരുന്ന ടി.എൻ.കൃഷ്ണൻകുട്ടിയുടെ കയ്യിലുള്ള ചിത്രം)
അദ്ദേഹം ആരോടും പറയാതെ പോയി എന്ന് പറയുന്നുണ്ട്. ശരിയാണ്. പക്ഷെ അതിനു അന്ന് ഉദയ സ്റ്റുഡിയോയുടെ ഉടമസ്ഥാവകാശ തർക്കം ഒരു കാരണമായിരിക്കാം എന്ന് സിനിമ ചരിത്രകാരനായ സാജു ചേലങ്ങാട്ട് ‘ദി ഹിന്ദു’വിൽ എഴുതിയിരുന്നു. ഉദയായുടെ രൂപപ്പെടുത്തലിൽ പ്രധാന പങ്കു വഹിച്ച വ്യക്തി കൂടി ആയിരുന്നല്ലോ ഫെലിക്സ് ഫെലിക്സ് ബെയ്സ് . പക്ഷെ മനോരമയിലെ ‘ചാരക്കഥ’യിൽ ഇതില്ല . അത് പറഞ്ഞാൽ കഥയുടെ ഹരം നഷ്ടപ്പെടും എന്ന് കരുതിയാകാം.
ജീവിച്ചിരിക്കുന്ന പലരെയും വേണ്ടത്ര ജാഗ്ര തയില്ലാതെ ചാരന്മാരാക്കിയതിന്റെ കറ മലയാള പത്രത്താളുകളിൽ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. അതിനിടയിൽ എൺപത് വര്‍ഷം മുമ്പ് ബ്രിട്ടീഷ് സർക്കാർ പോലും നിരുപദ്രവി എന്ന് കണ്ടെത്തിയ, മലയാള സിനിമയ്ക്ക് മറക്കാനാവാത്ത സംഭാവന നൽകിയ ഒരാളെ കൂടി ചാരനാക്കേണ്ടതുണ്ടോ? മലയാള സിനിമാചരിത്രത്തില്‍ നിര്‍ണായക സംഭാവന നല്കിയ ഒരു വിദേശിയെ അങ്ങനെ കുരിശില്‍ തറയ്ക്കാമോ ?
വെള്ളിനക്ഷത്രം ശ്രദ്ധേയചിത്രം
വെള്ളിനക്ഷത്രം പരസ്യം
വെള്ളിനക്ഷത്രം ഏറെ പ്രത്യേകതകളുള്ള ചിത്രമായിരുന്നു. നടി മിസ് കുമാരിയുടെയും സംഗീത സംവിധായകന് ബി എ ചിദംബരനാഥിന്റെയും ഗാന രചയിതാവ് അഭയദേവിന്റെയും എഡിറ്റർ കെ ഡി ജോർജിന്റെയും ആദ്യചിത്രം. പാട്ടുകളും അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും പിന്നീട് പ്രശസ്തരായി. ചിത്രം പക്ഷെ സാമ്പത്തികമായി വിജയിച്ചില്ല. ഇപ്പോള്‍ സിനിമയുടെ പ്രിന്റും കിട്ടാനില്ല.
1949 ജനുവരി 14 നാണ് ചിത്രം റിലീസായത്. ഉദയ നിർമ്മിച്ച ആദ്യചിത്രം. ആലപ്പി വിൻസന്റ്, ഗായക പീതാംബരം, കണ്ടിയൂർ പരമേശ്വരൻ കുട്ടി, മുളവന ജോസഫ്, ലളിതാദേവി, ചെറായി അംബുജം, ബേബി ഗിരിജ തുടങ്ങിയവരൊക്കെ അഭിനേതാക്കളായി. മിസ് കുമാരി ഒരു ഗാനരംഗത്ത് മാത്രമാണ് വരുന്നത്; അവരുടെ യഥാർത്ഥ പേരായ ത്രേസ്യാമ്മ എന്ന പേരിൽ. ഉദയയുടെ അടുത്ത സിനിമയായ നല്ലതങ്കയിലാണ് മിസ് കുമാരി എന്നു പേര് മാറ്റുന്നത്.
കുട്ടനാട് രാമകൃഷ്ണപിള്ളയാണ് കഥയും സംഭാഷണവും എഴുതിയത്. ഒരു റിട്ടയേഡ് ജഡ്ജിയുടെ ഉടമസ്ഥതയിലുള്ള ജഗദീഷ് മില്ലിനെ ചുറ്റിയാണ് കഥ. പ്രേമവും പ്രതികാരവും പണിമുടക്കും ഒക്കെയായി സംഭവബഹുലം. ചെറായി അംബുജം പാടിയ ‘ത്രിക്കൊടി ത്രിക്കൊടി’ എന്നു തുടങ്ങുന്ന ഗാനം ഹിറ്റായി.