കൊച്ചി
ഇന്ത്യയിൽ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണ് ഐഎസി വിക്രാന്ത്. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ അതിജീവിച്ചാണ് യാഥാർഥ്യമാക്കിയത്. 1971ലെ ഇന്ത്യ–പാക് യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലിന്റെ പേരാണ് കൊച്ചി കപ്പൽശാലയിൽ നിർമിച്ച കപ്പലിനും നൽകിയത്. 2009ലാണ് നിർമാണം ആരംഭിച്ചത്. നിർമാണവസ്തുക്കളിൽ 76 ശതമാനവും രാജ്യത്ത് ഉൽപ്പാദിപ്പിക്കാനായി. ത്രീഡി വിർച്വൽ റിയാലിറ്റി, ആധുനിക സോഫ്റ്റ്വെയറുകൾ എന്നിവയും ഉപയോഗിച്ചു. 88 മെഗാവാട്ട് കരുത്തുള്ള നാല് വാതക ടർബൈൻ എൻജിനുകൾ വിക്രാന്തിലുണ്ട്. 28 മൈൽ വേഗവും 18 മൈൽ ക്രൂയിസിങ് വേഗവുമുണ്ടാകും. ഒറ്റയാത്രയിൽ 7500 നോട്ടിക്കൽ മൈൽ ദൂരംവരെ സഞ്ചരിക്കാനാകും. 2300 കിലോമീറ്റർ നീളത്തിൽ കേബിളുകളും 120 കിലോമീറ്റർ നീളത്തിൽ പൈപ്പുകളും ഉപയോഗിച്ചു.
ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, കെൽട്രോൺ, കിർലോസ്കർ തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങൾ നിർമിച്ച ഉപകരണങ്ങളാണ് ഉപയോഗിച്ചത്. 21,500 ടൺ സ്റ്റീൽ ഉപയോഗിച്ചു. കപ്പൽനിർമാണത്തിനുള്ള സ്റ്റീൽ വികസിപ്പിക്കുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്തു. കപ്പൽശാലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും അവസരം ഉപകരിച്ചു. 2021 ആഗസ്തിൽ ആദ്യഘട്ട കടൽപരീക്ഷണം നടത്തി. പിന്നാലെ മൂന്നു പരീക്ഷണംകൂടി പൂർത്തിയാക്കി.
കപ്പലിന്റെ മൊത്തം പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽഷൻ, ഊർജോൽപ്പാദനം, വിതരണം, അനുബന്ധ വിഭാഗങ്ങളുടെ പ്രവർത്തനം എന്നിവ പരിശോധിച്ചു. അഞ്ഞൂറ്റമ്പതോളം എൻജിനിയറിങ് സേവനദാതാക്കൾ കപ്പൽനിർമാണത്തിൽ പങ്കാളികളായി.