ചെന്നൈ
ചെസിലെ ഒളിമ്പിക്സിന് ഇന്ന് മഹാബലിപുരത്ത് തുടക്കം. ലോക ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയായി. ഇന്ത്യയുടെ മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് ദീപശിഖ കൈമാറി.
മത്സരങ്ങൾ ഇന്ന് പകൽ മൂന്നിന് മഹാബലിപുരം ഫോർ പോയിന്റ് ഷെറാട്ടൻ ഹോട്ടലിൽ തുടങ്ങും. ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ 11 റൗണ്ട് മത്സരങ്ങളാണ്. ആഗസ്ത് 10ന് സമാപനം.
ഒളിമ്പ്യാഡിന് എത്തിയ പാകിസ്ഥാൻ ടീം അവസാന നിമിഷം പിൻമാറി. ഓപ്പണിൽ 188 ടീമുകൾ അണിനിരക്കും. വനിതകളിൽ 162. ഇന്ത്യക്ക് രണ്ട് വിഭാഗങ്ങളിലും മൂന്ന് ടീമുകളുണ്ട്. ആകെ 30 കളിക്കാർ. അതിൽ എസ് എൽ നാരായണനും നിഹാൽ സരിനും മലയാളികളാണ്. ഓരോ ടീമിലും അഞ്ച് കളിക്കാരുണ്ട്. രണ്ട് ടീമിലേയും നാല് കളിക്കാർ പരസ്പരം ഏറ്റുമുട്ടുന്നതാണ് മത്സരരീതി.
ഓപ്പൺ വിഭാഗത്തിൽ രണ്ടാം സീഡായ ഇന്ത്യക്ക് ഒന്നാം സീഡായ അമേരിക്കയും ലോക ചാമ്പ്യൻ മാഗ്നസ് കാൾസൻ നയിക്കുന്ന നോർവെയുമാണ് വെല്ലുവിളി. വനിതകളിൽ ഇന്ത്യ ഒന്നാം സീഡാണ്. ഉക്രയ്ൻ, ജോർജിയ എന്നിവർ കരുത്തരാണ്.
ഓപ്പൺ വിഭാഗം: ഇന്ത്യ എ: പി ഹരികൃഷ്ണ, വിദിത് ഗുജറാത്തി, അർജുൻ എറിഗെയ്സി, എസ് എൽ നാരായണൻ, കെ ശശികിരൺ. ഇന്ത്യ ബി: നിഹാൽ സരിൻ, ഡി ഗുകേഷ്, ബി അധിപൻ, ആർ പ്രഗ്യാനന്ദ, റൗനക് സദ്വാനി. ഇന്ത്യ സി: സൂര്യശേഖർ ഗാംഗുലി, എസ് പി സേതുരാമൻ, കാർത്തികേയൻ മുരളി, അഭിജിത് ഗുപ്ത, അഭിമന്യു പുരാണിക്.
വനിതകൾ: ഇന്ത്യ എ: കൊണേരു ഹമ്പി, ഡി ഹരിക, ആർ വൈശാലി, താനിയ സച്ദേവ്, ഭക്തി കുൽക്കർണി. ഇന്ത്യ ബി: വന്തിക അഗർവാൾ, പത്മിനി റൗട്ട്, മേരി ആൻ ഗോമസ്, സൗമ്യ സ്വാമിനാഥൻ, ദിവ്യ ദേശ്മുഖ്. ഇന്ത്യ സി: ഇഷ കർവാഡെ, എം വർഷിണി സാഹിതി, പ്രത്യുഷ ബോഡ, പി വി നന്ദിത, വിശ്വ വസ്നവാല.