ബർമിങ്ഹാം
ഉത്സവാഘോഷത്തിൽ കോമൺവെൽത്ത് ഗെയിംസിന് പ്രൗഢതുടക്കം. ബർമിങ്ഹാമിലെ 15 വേദികളിൽ ഇന്നുമുതൽ കളികൾ. 20 ഇനങ്ങളിൽ 72 രാജ്യങ്ങളിലെ അയ്യായിരത്തോളം അത്ലീറ്റുകൾ. ലണ്ടൻ ഒളിമ്പിക്സിനുശേഷമുള്ള മെഗാമേളയായിരിക്കും ഇംഗ്ലണ്ടിന് 12 ദിവസത്തെ ഗെയിംസ്. ആഗസ്ത് എട്ടിനാണ് സമാപനം.
അലക്സാണ്ടർ സ്റ്റേഡിയത്തെ ആറാടിച്ചാണ് ഉദ്ഘാടനച്ചടങ്ങ് അവസാനിച്ചത്. കലാകാരന്മാരും കായികതാരങ്ങളും ഒരേമനസ്സോടെ അണിനിരന്നു. പാട്ടും സംഗീതവും നൃത്തച്ചുവടുകളും നിറഞ്ഞ കലാപ്രകടനം. ഓരോ രാജ്യത്തെയും കളിക്കാർ അവരുടെ ദേശീയ പതാകയ്ക്കുകീഴിൽ ചുവടുവച്ചു. ബാഡ്മിന്റൺ താരം പി വി സിന്ധുവും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിങ്ങും ഇന്ത്യയെ നയിച്ചു.
ഇന്ന് വേദികൾ ഉണരുമ്പോൾ രംഗത്ത് ഇന്ത്യയുണ്ട്. ആദ്യമായി മത്സര ഇനമായ വനിതകളുടെ ട്വന്റി–-20 ക്രിക്കറ്റിൽ ഇന്ത്യ ഇറങ്ങും. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഓസ്ട്രേലിയയെ നേരിടും. വനിതാ ഹോക്കി ടീമും ആദ്യ കളിക്കിറങ്ങുന്നു. ഘാനയാണ് എതിരാളി. ബോക്സിങ്, നീന്തൽ, സ്ക്വാഷ്, ട്രയാത്ത്ലൺ എന്നിവയിലും ഇന്ത്യൻ താരങ്ങളുണ്ട്.
മലയാളിയായ നീന്തൽതാരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ളൈയിൽ മത്സരിക്കും. കഴിഞ്ഞതവണ മൂന്നാമതായ ഇന്ത്യക്ക് 215 അംഗസംഘമാണുള്ളത്. അത്ലറ്റിക്സിൽ 33. അതിൽ 10 പേർ മലയാളികളാണ്. എം ശ്രീശങ്കർ, മുഹമ്മദ് അനീസ്, അബ്ദുള്ള അബൂബക്കർ, എൽദോസ് പോൾ, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, ആൻസി സോജൻ, എൻ എസ് സിമി എന്നിവരാണ് മലയാളിസാന്നിധ്യം. ഹോക്കി ഗോൾകീപ്പറായി പി ആർ ശ്രീജേഷും നീന്തലിൽ സജൻ പ്രകാശുമുണ്ട്. ബാഡ്മിന്റണിൽ ട്രീസ ജോളിയും ട്രയാത്ത്ലണിൽ എം എസ് ആദർശും ഇറങ്ങും.
ഇന്ത്യ ഇന്ന്
വനിതാ ക്രിക്കറ്റ്
ഇന്ത്യ–-ഓസ്ട്രേലിയ, വൈകിട്ട് 4.30
ബാഡ്മിന്റൺ
മിക്സഡ് ഡബിൾസ്: അശ്വിനി പൊന്നപ്പ–-ബി സുമീത് റെഡ്ഡി
വനിതാ ഹോക്കി
ഇന്ത്യ–-ഘാന,വൈകിട്ട് 6.30
ടേബിൾ ടെന്നീസ്
പുരുഷ–-വനിതാ ടീം
സ്വിമ്മിങ്
സജൻ പ്രകാശ്–-50 മീറ്റർ ബട്ടർഫ്ലൈ
പരുഷ ബോക്സിങ്
വൈകിട്ട് 4.30 മുതൽ
സ്ക്വാഷ്
പുരുഷ–വനിതാ വിഭാഗം