അബുദാബി> ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കഴിഞ്ഞ ആറു മാസത്തിനിടയിൽ 1,05,300 പേർക്ക് അബുദാബി ട്രാഫിക് പോലീസ് പിഴ ചുമത്തി. 800 ദിർഹവും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുമാണ് പിഴ.
വാഹനം ഓടിക്കുന്ന പലരും മൊബൈൽ ഉപയോഗിക്കുന്നത് മൂലം വൻ അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫോണിൽ സംസാരിക്കുക, സോഷ്യൽ മീഡിയകളിൽ ഇടപെടുക, ഡ്രൈവിങ്ങിനിടെ മെസ്സേജുകൾ അയക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്നതായും ഇത് റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നതായും അധികാരികൾ വ്യക്തമാക്കി.
മൊബൈലിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് മൂലം അശ്രദ്ധമായി ലൈൻ മാറൽ, റെഡ് സിഗ്നൽ മുറിച്ചു കടക്കൽ, വേഗപരിധി ശ്രദ്ധിക്കാതിരിക്കൽ എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഉണ്ടാകുന്നത്. വാഹനം ഓടിക്കുന്നവർ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും ഇത് അനുസരിക്കാതിരിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.