ന്യൂഡൽഹി> പൊതുമേഖല ബാങ്കുകളെ പൂർണമായും സ്വകാര്യവൽക്കരിക്കാൻ നിർദേശിക്കുന്ന എൻസിഎഇആർ(നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ച്) റിപ്പോർട്ട് തള്ളിക്കളയണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ആവശ്യപ്പെട്ടു. കോർപറേറ്റ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ എൻസിഎഇആറിനുവേണ്ടി നിതി ആയോഗ് മുൻ ഉപാധ്യക്ഷൻ അരവിന്ദ് പനഗരിയയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയംഗം പൂനം ഗുപ്തയും ചേർന്നാണ് വിനാശകരമായ റിപ്പോർട്ട് തയ്യാറാക്കിയത്.
ഇന്ത്യൻ പൊതുമേഖല ബാങ്കുകളുടെ ചരിത്രമോ 1991നുശേഷം ഈ മേഖലയിൽ ഉണ്ടായ മാറ്റങ്ങളോ ശ്രദ്ധാപൂർവം വിലയിരുത്താതെ സ്വകാര്യവൽക്കരണം ഏക അജണ്ടയായി പരിഗണിച്ച് തട്ടിക്കൂട്ടിയതാണീ റിപ്പോർട്ട്. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ശാഖകൾ ധാരാളമുള്ള പൊതുമേഖല ബാങ്കുകളുടെ ജനോന്മുഖ നയത്തിൽ റിപ്പോർട്ട് പരിതപിക്കുന്നു. 40 ശതമാനം മുൻഗണനമേഖല വായ്പകളെ തള്ളിപ്പറയുന്നു. ബാങ്ക് നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം കരുതൽശേഖരമായി റിസർവ് ബാങ്കിൽ നൽകുകവഴി ക്ഷേമപ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കുന്നതിനെ റിപ്പോർട്ടിൽ പരിഹാസ്യമായാണ് ചിത്രീകരിക്കുന്നത്. ഭക്ഷ്യസുരക്ഷയ്ക്ക് എഫ്സിഐയ്ക്ക് നൽകുന്ന വായ്പ നിർത്തലാക്കാനും ആവശ്യപ്പെടുന്നു.
ചൈനയിലെയും വിയത്നാമിലെയും ബാങ്കുകൾ പൊതുമേഖലയിലാണെന്ന വസ്തുത മറച്ചുവെച്ചാണ് ആ രാജ്യങ്ങളിലെക്കാൾ താഴ്ന്ന വായ്പാവിതരണനിരക്കാണ് ഇന്ത്യയിലെന്ന് പറയുന്നത്. ചൈനയിലെ ഏറ്റവും വലിയ നാല് ബാങ്കും പൊതുമേഖലയിലാണ്. 1991–-92 ബാങ്കുകളുടെ മൊത്തം ആസ്തിയുടെ 88.5 ശതമാനവും പൊതുമേഖലയിലായിരുന്നു. സർക്കാർ നടപടികളുടെ ഫലമായി 2021–22ൽ പൊതുമേഖലയുടെ പങ്ക് 59.8 ശതമാനമായി കുറഞ്ഞു. 2014–-15 മുതൽ 2019–-20 വരെ പൊതുമേഖല ബാങ്കുകളിൽ ഉണ്ടായ തൊഴിൽനഷ്ടം 89,283 ആണ്. കോർപറേറ്റുകൾ പൊതുമേഖലബാങ്കുകളിൽ ബോധപൂർവം കിട്ടാക്കടം വരുത്തിയത് കണക്കിലെടുക്കാതെയാണ് സ്വകാര്യവൽക്കരണമാണ് പോംവഴിയെന്ന് വാദിക്കുന്നത്.
സ്വകാര്യബാങ്കുകളിലെ കെടുകാര്യസ്ഥതയും യെസ് ബാങ്ക് പോലുള്ളവയുടെ തകർച്ചയും തുടർന്ന് പൊതുമേഖല ബാങ്കുകൾ ഏറ്റെടുത്തതുമെല്ലാം റിപ്പോർട്ടിൽ തമസ്കരിക്കുകയാണെന്നും ബെഫി ജനറൽ സെക്രട്ടറി ദേബാഷിസ് ബസു ചൗധരി ചൂണ്ടിക്കാട്ടി.