ന്യൂഡൽഹി> സിപിഐ എമ്മിന്റെ രണ്ട് അംഗങ്ങൾ അടക്കം 24 എംപിമാരെ തുടർച്ചയായ ദിവസങ്ങളിലായി സസ്പെൻഡ് ചെയ്തത് പാർലമെന്റിന്റെ ജനാധിപത്യപരമായ പ്രവർത്തനത്തിനുമേൽ കടുത്ത ആഘാതമാണെന്ന് പാർടി പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. എംപിമാരുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുനേർക്കുള്ള കടന്നാക്രമണവുമാണിത്. മോദിസർക്കാർ ആസൂത്രിതമായി പാർലമെന്റിനെ തരംതാഴ്ത്തുകയും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുകയുമാണ്.
വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ ഉൾപ്പടെ ജനങ്ങളുടെ ജീവിതത്തെ തകർക്കുംവിധം കത്തിനിൽക്കുന്ന വിഷയങ്ങളിന്മേൽ ശരിയായ ക്രമത്തിൽ ചർച്ചയ്ക്ക് പ്രതിപക്ഷം ചട്ടപ്രകാരം നൽകുന്ന നോട്ടീസുകൾ അംഗീകരിക്കാൻ മോദിസർക്കാർ തയ്യാറാകുന്നില്ല. പാർലമെന്റിൽ എല്ലാ വിഷയങ്ങളും ചർച്ചചെയ്യാൻ സന്നദ്ധമാണെന്ന് പരസ്യമായി പറയുമ്പോൾ തന്നെ അവർ ഇത്തരം ചർച്ചകളെ ബോധപൂർവം അട്ടിമറിക്കുകയാണ്.
ജനങ്ങൾക്ക് ആശങ്കയുള്ള വിഷയങ്ങൾ ചർച്ചചെയ്യാനുള്ള പരമോന്നതവേദിയായ പാർലമെന്റിനെ നശിപ്പിക്കുന്നതിനു ഉത്തരവാദി മോദിസർക്കാർ മാത്രമാണ്. പാർലമെന്റിനെ ശ്വാസംമുട്ടിക്കുന്നതിൽ പ്രതിഷേധം ഉയരണം. ജനാധിപത്യത്തെ സംരക്ഷിക്കാൻ പൊതുജനാഭിപ്രായം ഉയർത്തിക്കൊണ്ടുവരികയും യോജിച്ച പോരാട്ടങ്ങൾ സംഘടിപ്പിക്കുകയും ചെയ്യണമെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു.