തിരുവനന്തപുരം> സിൽവർ ലൈനിന്റെ കാര്യത്തിൽ കേന്ദ്രം നിലപാട് മാറ്റി പദ്ധതി നാടിന് ആവശ്യമാണ് എന്നുകണ്ട് അനുമതി ലഭ്യമാക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവരെല്ലാം കേന്ദ്ര സർക്കാരിന്റെ നിലപാട് തിരുത്തിക്കാനുള്ള ഇടപെടലാണ് നടത്തേണ്ടത്.
നിർഭാഗ്യവശാൽ കേരളത്തിൽതന്നെ ഇതെന്തോ എൽഡിഎഫ് പദ്ധതിയാണെന്ന് മട്ടിലാണ് അവതരിപ്പിക്കുന്നത്. ഇത് നാടിന്റെ നല്ല നാളേയ്ക്കുള്ള പദ്ധതിയാണ്. ഇപ്പോൾ ഞങ്ങളാണ് അധികാരത്തിലുള്ളത് എന്നതുകൊണ്ട് സർക്കാർ മുൻകൈ എടുത്തു എന്നു മാത്രം. ആര് മുൻകൈ എടുത്തു എന്നതല്ല, നാടിന് ആവശ്യമാണോ ഇല്ലയോ എന്നാണ് നോക്കേണ്ടത്. നാടിന് ആവശ്യമുള്ള പദ്ധതിയെ എതിർക്കുന്നതും തടസ്സപ്പെടുത്താൻ നോക്കുന്നതും നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്.
കേരളത്തെ സംബന്ധിച്ച് പ്രധാന പദ്ധതിയാണ് സിൽവർ ലൈൻ. അത് വേഗതയിൽ പൂർത്തിയാക്കുക എന്നാണ് സർക്കാർ കാണുന്നത്. ഇത്തരം പദ്ധതി പൂർത്തിയാക്കാൻ സാധാരണഗതിയിൽ തടസ്സമുണ്ടാകില്ല എന്നാണ് ഏതു സർക്കാരും പ്രതീക്ഷിക്കുക. ആ പ്രതീക്ഷയാണ് സംസ്ഥാന സർക്കാരിനുമുണ്ടായിരുന്നത്. അനുമതി കിട്ടുന്നതിനു മുമ്പുതന്നെ സംസ്ഥാനത്തിന് ചെയ്യാനാകുന്ന കാര്യങ്ങൾ ചെയ്യാമെന്നാണ് കരുതിയത്. എന്നാൽ, നിർഭാഗ്യകരമായ വശമാണ് ഇപ്പോൾ കാണുന്നത്. കേന്ദ്ര സർക്കാരിനുവേണ്ടി സംസാരിക്കുന്ന പലരും വരാൻ പാടില്ലാത്ത പദ്ധതിയാണിതെന്നാണ് പറയുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.