തിരുവനന്തപുരം
സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാക്ഷരതായജ്ഞത്തിന് സമാനമായ പ്രവർത്തനങ്ങൾ ഇതിനായി വേണമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ രക്ഷിക്കാനും നിയമസഹായം ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുമായി കേരള പൊലീസ് ആരംഭിച്ച കൂട്ട് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘സൈബർസുരക്ഷയെപ്പറ്റി കുട്ടികളെ ബോധവൽക്കരിക്കാനുള്ള ശ്രമമാണ് കൂട്ട്. കോവിഡ് കാലത്തോടെ വിദ്യാഭ്യാസം സൈബർ ലോകത്തേക്ക് കടന്നു. സർക്കാർ, ബാങ്ക് ഇടപാടുകളെല്ലാം ഓൺലൈനിലാകുന്നു. ഓൺലൈൻ ഇടപാടുകളെപ്പറ്റി കൃത്യമായ ധാരണ അനിവാര്യമാണ്. സൈബർ ചതിക്കുഴികളിൽ വീഴുന്നത് കൂടുതലും കുഞ്ഞുങ്ങളാണ്. ജീവൻ നഷ്ടപ്പെടുന്ന സാഹചര്യംപോലും ഉണ്ടായി.
തെറ്റായ കാര്യങ്ങൾ നീക്കംചെയ്യാൻ ആവശ്യപ്പെടുമ്പോൾ അതിന് സമൂഹമാധ്യമ അധികൃതർ തയ്യാറാകാത്തത് ഉചിതമല്ല. പോസ്റ്റുകൾ നീക്കംചെയ്യാൻ ഇന്റർപോളിന്റെ ഇടപെടൽ വേണമെന്ന നിലപാട് ഗുണകരമല്ല. സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കും. സൈബർ ഡോമടക്കമുള്ളവ കൃത്യമായി ഇടപെടുന്നുണ്ട്. ഈ മേഖലയിൽ കൂടുതൽ മാതൃകാപരമായി പ്രവർത്തിക്കാൻ പൊലീസിനാകണം’–- മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അധ്യക്ഷനായി. വിജിലൻസ് മേധാവി മനോജ് എബ്രഹാം, ഐജി പി പ്രകാശ്, ഡിഐജി ആർ നിശാന്തിനി, ബച്പൻ ബചാവോ ആന്ദോളൻ സിഇഒ രജനി ശേഖരി സിബൽ, കൗൺസിലർ രാഖി രവികുമാർ എന്നിവർ സംസാരിച്ചു.