തിരുവനന്തപുരം
ആഗസ്ത് 15ന് നടക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന ജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി 28 മുതൽ ആഗസ്ത് ഒമ്പതുവരെയാണ് ജാഥ.
വി വസീഫ് ക്യാപ്റ്റനായ വടക്കൻ ജാഥ കാസർകോട് ഉപ്പളയിൽ ആരംഭിച്ച് കൊടുങ്ങല്ലൂരിൽ സമാപിക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യ ജനറൽസെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും. എസ് ആർ അരുൺ ബാബുവാണ് മാനേജർ. ആർ രാഹുൽ, എം വിജിൻ എംഎൽഎ, എം വി ഷീമ, മീനു സുകുമാരൻ എന്നിവർ അംഗങ്ങൾ. വി കെ സനോജ് ക്യാപ്റ്റനായ തെക്കൻ ജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ ആരംഭിച്ച് എറണാകുളത്ത് സമാപിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചിന്ത ജെറോമാണ് മാനേജർ. എം ഷാജർ, ഗ്രീഷ്മ അജയ്ഘോഷ്, ആർ ശ്യാമ, സച്ചിൻദേവ് എംഎൽഎ എന്നിവർ അംഗങ്ങളാണ്.
രാജ്യത്ത് തൊഴിലില്ലായ്മ അനുദിനം വർധിക്കുകയാണ്. തൊഴിൽ നൽകേണ്ട കേന്ദ്രം ഉള്ള അവസരംപോലും ഇല്ലാതാക്കുന്നു. ടെലികോംമേഖല സ്വകാര്യവൽക്കരിച്ച് ഒന്നരലക്ഷം തൊഴിലവസരം നഷ്ടമാക്കി. റെയിൽവേയിൽ രണ്ടുലക്ഷം ഒഴിവ് നികത്താനുണ്ട്. ആർമിയിൽ രണ്ടുവർഷമായി റിക്രൂട്ട്മെന്റില്ല. ജനാധിപത്യം എല്ലാ നിലയിലും വെല്ലുവിളി നേരിടുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ചിന്ത ജെറോം, എസ് ആർ അരുൺ ബാബു എന്നിവരും പങ്കെടുത്തു.