തിരുവനന്തപുരം
മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെസ്റ്റോ ഗ്രൂപ്പിന്റേതാണ് 700 കോടി. 75 കോടി നിക്ഷേപം നടത്തുന്ന ടാറ്റ എലക്സി 10 മാസംകൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി കെട്ടിടം കൈമാറി. കാക്കനാട്ട് 1200 കോടി രൂപയുടെ പദ്ധതിക്ക് ടിസിഎസുമായി ഒപ്പുവച്ചു. 20,000 പേർക്ക് തൊഴിൽ ലഭിക്കും. ദുബായ് വേൾഡ് എക്സ്പോയിൽനിന്ന് നിക്ഷേപമുണ്ട്.
കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 2220 ഏക്കർ ഭൂമിയുടെ 70 ശതമാനം ഭൂമി 10 മാസംകൊണ്ട് ഏറ്റെടുത്തു. ഉത്തരവാദ വ്യവസായം ഉത്തരവാദ നിക്ഷേപം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ്. സംരംഭക വർഷം പദ്ധതിയിൽ മൂന്നരമാസംകൊണ്ട് 42,372 സംരംഭം ആരംഭിച്ചു. നാല് ശതമാനം പലിശയ്ക്കാണ് വായ്പ. മൂന്നുമുതൽ നാലു ലക്ഷംവരെ തൊഴിൽ ലഭ്യമാകും. കോവിഡ് പ്രതിസന്ധിയിലായ എംഎസ്എംഇ മേഖലയ്ക്ക് 1416 കോടി രൂപയുടെ പാക്കേജ് നടപ്പാക്കി. 50 കോടിയിലധികം നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ അനുമതി. 50 കോടി രൂപവരെ അതിവേഗ അനുമതിക്ക് കെ–- സ്വിഫ്റ്റുണ്ട്.
കിൻഫ്രയിൽ അഞ്ചു പാർക്കിന് ദേശീയ അംഗീകാരം, 1522 കോടി സ്വകാര്യ നിക്ഷേപം എത്തിച്ചു, 20,900 തൊഴിലവസരവും. സ്വകാര്യ വ്യവസായ പാർക്കിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഏക്കറിന് 30 ലക്ഷംവരെ നൽകും. നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്, എല്ലാവരുടെയും പിന്തുണ വേണം. ചില കേന്ദ്രങ്ങളിൽനിന്ന് ഉണ്ടാകുന്ന നശീകരണമനോഭാവം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
സിൽവർ ലൈൻ : കേന്ദ്രം അനുമതി ലഭ്യമാക്കണം
സിൽവർ ലൈൻ പദ്ധതി നാടിന് ആവശ്യമാണെന്നുകണ്ട് കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവരെല്ലാം കേന്ദ്രനിലപാട് തിരുത്തിക്കാനുള്ള ഇടപെടലാണ് നടത്തേണ്ടത്. നിർഭാഗ്യവശാൽ കേരളത്തിൽത്തന്നെ ഇതെന്തോ എൽഡിഎഫ് പദ്ധതിയാണെന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്.
ഇത് നാടിന്റെ നല്ല നാളേയ്ക്കായുള്ള പദ്ധതിയാണ്. ആര് മുൻകൈ എടുത്തു എന്നതല്ല, നാടിന് ആവശ്യമാണോ ഇല്ലയോ എന്നാണ് നോക്കേണ്ടത്. നാടിന് ആവശ്യമുള്ള പദ്ധതിയെ തടസ്സപ്പെടുത്താൻ നോക്കുന്നത് നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. പദ്ധതി വേഗത്തിൽ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. അനുമതി കിട്ടുന്നതിനുമുമ്പുതന്നെ സംസ്ഥാനത്തിന് ചെയ്യാനാകുന്ന കാര്യങ്ങൾ ചെയ്യാമെന്നാണ് കരുതിയത്. എന്നാൽ, കേന്ദ്രത്തിനുവേണ്ടി സംസാരിക്കുന്ന പലരും വരാൻ പാടില്ലാത്ത പദ്ധതിയാണ് ഇതെന്നാണ് പറയുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.