ഒറിഗോൺ
ഹർഡിൽസിൽ നൈജീരിയയുടെ ടോബി അമുസന് ലോക റെക്കോഡ്. ലോക ചാമ്പ്യൻഷിപ് വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ കിരീടം ചൂടിയ അമുസൻ സെമിയിലായിരുന്നു റെക്കോഡിട്ടത്. 12.12 സെക്കൻഡിൽ പുതിയ സമയംകുറിച്ചു. ഫെെനലിൽ 12.06 സെക്കൻഡിൽ ഓടിയെങ്കിലും കാറ്റ് ഘടകമായതിനാൽ ഈ സമയം റെക്കോഡായി പരിഗണിച്ചില്ല.
അമേരിക്കയുടെ കെൻഡ്ര ഹാരിസൺ 2016ൽ കുറിച്ച 12.20 സെക്കൻഡിനെയാണ് അമുസൻ മായ്ച്ചത്. ജമെെക്കയുടെ ബ്രിട്നി ആൻഡേഴ്സൺ വെള്ളിയും പ്യൂർട്ടോ റിക്കോയുടെ ഒളിമ്പിക് ചാമ്പ്യൻ ജാസ്മിൻ കമാച്ചോ ക്വിൻ വെങ്കലവും നേടി. മൂന്നു വർഷംമുമ്പ് ദോഹ ലോക ചാമ്പ്യൻഷിപ്പിൽ നാലാംസ്ഥാനത്തായിരുന്നു അമുസൻ. ഈ വർഷം ജൂണിൽ നടന്ന പാരിസ് ഡയമണ്ട് ലീഗിൽ 12.41 സെക്കൻഡിലാണ് ഓടിയത്. ഇതിനിടെ ആഫ്രിക്കൻ റെക്കോഡും ഇരുപത്തഞ്ചുകാരി കുറിച്ചു.
അതേസമയം, നിലവിലെ ചാമ്പ്യനായിരുന്ന അമേരിക്കയുടെ നിയാ അലി ഹീറ്റ്സിൽ പുറത്തായി. അവസാന കടമ്പയിൽ തട്ടിവീണ നിയയ്ക്ക് യോഗ്യത നേടാനായില്ല. അതുവരെ മുന്നിലായിരുന്നു മുപ്പത്തിമൂന്നുകാരി. മുൻ ലോക റെക്കോഡുകാരി ഹാരിസൺ ഫെെനലിൽ അയോഗ്യയായി.