ഒറിഗോൺ
അർമാൻഡ് ഡുപ്ലെന്റിസിന് പോൾവോൾട്ടിൽ വീണ്ടും ചരിത്രം. അഞ്ചാംതവണയും റെക്കോഡ് തിരുത്തിയ ഈ സ്വീഡിഷ് താരം ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞു. പുരുഷൻമാരുടെ പോൾവോൾട്ടിൽ 6.21 മീറ്ററാണ് പുതിയ ഉയരം. കൂടെ മത്സരിച്ച ഒരാൾക്കുപോലും ആറ് മീറ്റർ മറികടക്കാനായില്ല.
ലോക മീറ്റിൽ ഇരുപത്തിരണ്ടുകാരന്റെ ആദ്യ സ്വർണമാണിത്. ദോഹയിൽ വെള്ളിയായിരുന്നു. ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടി. ഇൻഡോറിലും ഡുപ്ലെന്റിസിന്റെ പേരിലാണ് ലോക റെക്കോഡ്. മുൻ ഒളിമ്പിക് ചാമ്പ്യനും ലോക റെക്കോഡുകാരനുമായ റെനൗദ് ലാവില്ലെനിയ്ക്ക് ഇക്കുറി മെഡൽ മേഖലയിൽ എത്താനായില്ല.
അമേരിക്കയുടെ ക്രിസ്റ്റഫർ നീൽസെനാണ് (5.94) വെള്ളി. വെങ്കലം ഫിലിപ്പീൻസിന്റെ ഏണെസ്റ്റ് ജോൺ ഒബിയെനയ്ക്കാണ് (5.94). ഡുപ്ലെന്റിസ് 5.70 മീറ്ററിലാണ് മത്സരം ആരംഭിച്ചത്. 5.87 മീറ്ററിലായിരുന്നു അടുത്ത പോരാട്ടം. എന്നാൽ, ആദ്യശ്രമം പാഴായി. രണ്ടാംശ്രമത്തിൽ കീഴടക്കി. തുടർന്ന് 5.94, 6, 6.06 എന്നിങ്ങനെ മുന്നേറി. 6.21 മീറ്റർ താണ്ടാനുള്ള ആദ്യശ്രമം വിജയം കണ്ടില്ല. രണ്ടാമത്തേതിൽ കീഴടക്കി.
ബെൽഗ്രേഡിൽ ഈ വർഷം മാർച്ചിൽ കുറിച്ച 6.20 മീറ്ററാണ് ഡുപ്ലെന്റിസ് യൂജിനിൽ മറികടന്നത്. 1994ൽ ഇതിഹാസതാരം സെർജി ബൂബ്കയുടെ 6.14 മീറ്ററായിരുന്നു ഏറെക്കാലം പോൾവോൾട്ടിലെ റെക്കോഡ്. 2014ൽ ലാവില്ലെനി അത് മറികടന്നു–6.16. 2020ൽ ഡുപ്ലെന്റിസ് ആ റെക്കോഡ് തിരുത്തി.
ഈ വർഷം മൂന്നാംതവണയാണ് സ്വീഡിഷ് താരം റെക്കോഡ് തിരുത്തിയത്.