കൊൽക്കത്ത
കോഴയായി സ്വീകരിച്ച കോടിക്കണക്കിനുരൂപ വീട്ടിൽനിന്ന് മാറ്റാൻ തീരുമാനിച്ചിരിക്കെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡുണ്ടായതെന്ന് ബംഗാൾ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി അർപ്പിത മുഖർജി മൊഴി നൽകിയെന്ന് റിപ്പോർട്ട്. താനുമായി ബന്ധമുള്ള കമ്പനികളിൽ നിക്ഷേപിക്കാനായിരുന്നു ലക്ഷ്യമെന്നും മന്ത്രി പാർഥ ചാറ്റർജിയുമായി അടുത്തബന്ധമുള്ള അർപ്പിത പറഞ്ഞതായി ഇഡി വൃത്തങ്ങൾ അവകാശപ്പെട്ടു.
അതേസമയം, ഹൈക്കോടതി നിർദേശത്തെ തുടർന്ന് എയർ ആംബുലൻസിൽ ഭുവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ച പാർഥ ചാറ്റർജിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ റിപ്പോർട്ടു നൽകി.അറസ്റ്റിലായതിനുപിന്നാലെ മുഖ്യമന്ത്രി മമത ബാനർജിയെ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്ന് പാർഥ പരാതിപ്പെട്ടു.
പാർഥ രഹസ്യങ്ങളുടെ കലവറ
2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂൽ ഫണ്ട് ശേഖരണത്തിന്റെ പ്രധാന ചുമതല പാർഥ ചാറ്റർജിക്കായിരുന്നു. 700 കോടിയിലധികം രൂപയാണ് പിരിച്ചത്. ഏഴു വർഷത്തോളം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ചാറ്റർജി അധ്യാപക നിയമന തട്ടിപ്പിൽ കോടികളാണ് സമാഹരിച്ചത്. തന്റെ പേരിലേക്ക് വെളിപ്പെടുത്തൽ എത്തുമോയെന്ന ഭയത്തിലാണ് മമത ബാനർജി. അഴിമതി അംഗീകരിക്കില്ലെന്നുമാത്രമാണ് ദിവസങ്ങൾ വൈകിയുള്ള പ്രതികരണം.