ന്യൂഡൽഹി
രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത് വ്യക്തിപരമായ നേട്ടമല്ലെന്നും രാജ്യത്തെ എല്ലാ പാവങ്ങളുടെയും നേട്ടമാണെന്നും സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള ആദ്യ അഭിസംബോധനയിൽ ദ്രൗപദി മുർമു പറഞ്ഞു. പാവങ്ങൾക്കും സ്വപ്നങ്ങളാകാമെന്നും അത് നിറവേറ്റാമെന്നും ഉള്ളതിന് തെളിവാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തന്റെ നാമനിർദേശം. നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ടവരും വികസനത്തിന്റെ ആനുകൂല്യം നിഷേധിക്കപ്പെട്ടവരും ദരിദ്രരും താഴെത്തട്ടിലുള്ളവരും പിന്നാക്കവിഭാഗങ്ങളും ആദിവാസികളുമെല്ലാം തന്നിൽ കാണുന്നത് അവരുടെ പ്രതിഫലനമാണെന്നത് ഏറെ സംതൃപ്തിയുളവാക്കുന്ന കാര്യമാണ്–- ദ്രൗപദി പറഞ്ഞു.
18 മിനിറ്റ് നീണ്ട പ്രസംഗത്തിൽ തന്റെ ആദിവാസി പശ്ചാത്തലവും സംസ്കാരവും പോരാട്ടചരിത്രവും ദ്രൗപദി വിശദമാക്കി. സാന്താൾ വിഭാഗക്കാരുടെ ‘ജോഹർ’എന്ന പരമ്പരാഗത അഭിവാദ്യ വാക്കോടെ പ്രസംഗം ആരംഭിച്ചു. ‘‘സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതിയാണ് താൻ. ഒഡിഷയിലെ ഒരു ചെറിയ ആദിവാസി ഗ്രാമത്തിൽനിന്നാണ് തുടങ്ങിയത്.
പ്രാഥമിക വിദ്യാഭ്യാസമെന്നത് സ്വപ്നമായിരുന്നു. തടസ്സം പലതുണ്ടായിരുന്നെങ്കിലും നിശ്ചയദാർഢ്യംകൊണ്ടു മാത്രം ഗ്രാമത്തിൽനിന്ന് കോളേജിൽ പോകുന്ന ആദ്യ പെൺകുട്ടിയായി. വാർഡ് കൗൺസിലറിൽ തുടങ്ങി ഇപ്പോൾ രാഷ്ട്രപതി പദവിയിലെത്തി. അതാണ് ഇന്ത്യയുടെ മഹത്വം. യുവാക്കളുടെയും സ്ത്രീകളുടെയും താൽപ്പര്യങ്ങൾക്ക് പരിഗണന നൽകും. ഭരണഘടന മുൻനിർത്തി ഉത്തരവാദിത്വങ്ങൾ നിറവേറ്റും. പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും തുടർച്ചയായ ഒഴുക്കായിരുന്നു സ്വാതന്ത്ര്യസമരം.
ബാപ്പുവും സുഭാഷ്ചന്ദ്ര ബോസും നെഹ്റുവും പട്ടേലും ഭഗത് സിങ്ങും എല്ലാം ദേശാഭിമാനം ഉയർത്തിപ്പിടിക്കാൻ പഠിപ്പിച്ചു.സാന്താൾ, പൈക, കോൽ, ഭീൽ വിപ്ലവങ്ങൾ സ്വാതന്ത്ര്യസമരത്തിലെ ആദിവാസി സംഭാവനകളെ ശക്തിപ്പെടുത്തി. ഭഗവാൻ ബിർസാ മുണ്ടയുടെ ജീവത്യാഗം സാമൂഹ്യ ഉന്നമനത്തിനും ദേശസ്നേഹത്തിനും പ്രചോദനമായി’’–- ദ്രൗപദി പറഞ്ഞു.