ന്യൂഡൽഹി> കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് മടങ്ങിവന്ന പ്രവാസികൾക്കായി 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന്മേൽ നിഷേധാത്മക സമീപനം തുടർന്ന് കേന്ദ്രം. ഇത് സംബന്ധിച്ച എ എം ആരിഫിന്റെ ചോദ്യത്തിന് കോവിഡിനെ തുടർന്ന് 2.36 ലക്ഷം പേർ മാത്രമാണ് കേരളത്തിലേയ്ക്ക് മടങ്ങിയെത്തിയതെന്നും ഇവരിൽ എല്ലാവർക്കും ജോലി നഷ്ടപ്പെട്ടിരുന്നില്ലെന്നുമാണ് ലോക്സഭയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മറുപടി നൽകിയത്.
ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് മടങ്ങുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കാൻ കേന്ദ്രം ശ്രമിക്കുമെന്നും പറഞ്ഞ മന്ത്രി സാമ്പത്തിക പാക്കേജിനെ പറ്റി മൗനം പാലിച്ചു. എന്നാൽ 13 ലക്ഷത്തോളം പേർ ഗൾഫ് രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയെന്നാണ് സംസ്ഥാനസർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും കേന്ദ്രം കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും എ എം ആരിഫ് പ്രതികരിച്ചു.