അബുദാബി> വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചുകൊണ്ട് കേരള സോഷ്യൽ സെന്ററും ശക്തി തിയറ്റേഴ്സ് അബുദാബിയും സംയുക്തമായി സംഘടിപ്പിച്ച ‘ബാഷീറിന്റെ ആകാശം’ പുതുമകൊണ്ടും ബഷീറിന്റെ ദീപ്തസ്മരണകൾ കൊണ്ടും സമ്പന്നമായി. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സെന്റർ വൈസ് പ്രസിഡന്റ് റോയ് ഐ. വർഗീസ്, ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, ശക്തി പ്രസിഡന്റ് ടി. കെ. മനോജ്, സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം, അനു ജോൺ, ജമാൽ മൂക്കുതല എന്നിവർ സംസാരിച്ചു.
റഫീഖ് കൊല്ലിയത്ത്, ജിനി സുജിൽ, ബിന്ദു ഷോബി എന്നിവർ തയ്യാറാക്കിയ ഡോക്യൂമെന്ററിയോടു കൂടിയായിരുന്നു ‘ബഷീറിന്റെ ആകാശ’ത്തിനു തുടക്കം കുറിച്ചത്. സമാപനത്തിൽ മലയാളത്തിലെ മാപ്പിളപ്പാട്ടുശാഖയിലെ മാലപ്പാട്ടിന്റെ രാഗത്തിൽ എം. എൻ. കാരശ്ശേരി എഴുതിയ ‘ബഷീർമാല’ ശക്തി കലാവിഭാഗം സെക്രട്ടറി അൻവർ ബാബുവിന്റെ സംവിധാനത്തിൽ ശക്തി ബാലസംഘം കൂട്ടുകാർ കോൽക്കളി രൂപത്തിൽ അവതരിപ്പിച്ചത് അനുസ്മരണ പരിപാടിക്ക് ഏറെ പുതുമ നൽകി.
ചടങ്ങിൽ ശക്തി തിയറ്റേഴ്സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം സെക്രട്ടറി പ്രദീപ് കുറ്റിക്കോൽ നന്ദിയും പറഞ്ഞു.