കൊല്ലം
സഹകരണ ആശുപത്രികൾക്ക് സർക്കാർ ബജറ്റ് വിഹിതം അനുവദിക്കണമെന്ന് കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച സഹകരണ ആശുപത്രി ജീവനക്കാരുടെ സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.
പല പ്രദേശങ്ങളിലും സഹകരണ ആശുപത്രികൾ നക്ഷത്ര പദവിയുള്ള കോർപറേറ്റ് ആശുപത്രികളേക്കാൾ സൗകര്യങ്ങളുള്ള, കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ നൽകുന്ന ജനകീയ ബദലുകളാണ്. പൊതു ജനാരോഗ്യ മേഖലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന സഹകരണ ആശുപത്രികൾക്ക് ആരോഗ്യ മേഖലയ്ക്ക സർക്കാർ അനുവദിക്കുന്ന ബജറ്റിന്റെ പത്തു ശതമാനം അനുവദിക്കണം. ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിന് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. കൊല്ലം എൻ എസ് മെഡിലാൻഡ് ക്യാമ്പസിൽ നടന്ന കൺവൻഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി എം വഹീദ അധ്യക്ഷയായി.
സ്വാഗതസംഘം ജനറൽ കൺവീനർ പി ഷിബു സ്വാഗതം പറഞ്ഞു. എം നൗഷാദ് എംഎൽഎ , സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി സജി, ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ്, യൂണിയൻ സംസ്ഥാന സെക്രട്ടറി ബി അനിൽകുമാർ എന്നിവർ സംസാരിച്ചു. ‘സഹകരണ ആശുപത്രി മേഖല: വെല്ലുവിളികളും സാധ്യതകളും’ സെമിനാർ എൻ എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ സുജയ അധ്യക്ഷയായി. സംസ്ഥാനത്തെ 25 സഹകരണ ആശുപത്രികളിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ പ്രദീപ്, സെക്രട്ടറി മനോഹരൻ, ജില്ലാ സെക്രട്ടറി എം എസ് ശ്രീകുമാർ, പ്രസിഡന്റ് പി ശൈലജകുമാരി, കണ്ണൂർ ജില്ലാ സെക്രട്ടറി പ്രജീഷ് എന്നിവർ സംസാരിച്ചു. കെ പി മുഹമ്മദ് ഇക്ബാൽ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ആർ വർഷ നന്ദിയും പറഞ്ഞു.