ന്യൂഡൽഹി> കാലാവധി അവസാനിച്ച ഞായറാഴ്ച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അഞ്ചുവർഷം തന്നിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചുവെന്ന് പറഞ്ഞ കോവിന്ദ് പൗരന്മാർക്ക് നന്ദി പറഞ്ഞു. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായി മാറ്റാൻ രാജ്യത്തിന് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം സ്വന്തം ഗ്രാമത്തിലേക്കുള്ള യാത്രയും സ്കൂളിലെ അധ്യാപകനിൽ നിന്ന് അനുഗ്രഹം തേടിയതും അനുസ്മരിച്ചു. സ്വന്തം വേരുകളോടുളള ദൃഡബന്ധം രാജ്യത്തിന്റെ പ്രത്യേകതയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം യുവതലമുറയും ഇതേ മാർഗത്തിൽ സഞ്ചരിക്കണമെന്നും ആഹ്വാനം ചെയ്തു.
മുൻ രാഷ്ട്രപതിമാരെയും സ്വാതന്ത്ര്യസമര സേനാനികളെയും അനുസ്മരിച്ച കോവിന്ദ് കാലാവസ്ഥ വ്യതിയാനവും വിടവാങ്ങൽ പ്രസംഗത്തിൽ പരാമർശിച്ചു. നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമു തിങ്കളാഴ്ച പകൽ പതിനൊന്നിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റ് സെൻട്രൽ ഹാളിലാണ് ചടങ്ങ്.