തിരുവനന്തപുരം> എകെജി സെന്റർ ആക്രമണക്കേസിൽ അക്രമി എത്തിയത് മെറ്റാലിക് ഗ്രേ നിറമുള്ള ഹോണ്ട ഡിയോ സ്കൂട്ടറിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചുവന്ന നിറമുള്ള സ്കൂട്ടറിലാണ് അക്രമി എത്തിയതെന്നായിരുന്നു ആദ്യ നിഗമനം.
പ്രത്യേകാന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടന്നിരുന്നെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. തിങ്കൾ പുതിയ അന്വേഷണ സംഘം രൂപീകരിച്ചാകും ക്രൈംബ്രാഞ്ച് അന്വേഷണ നടപടികൾ ആരംഭിക്കുന്നത്.
നിലവിലുണ്ടായിരുന്ന പ്രത്യേകാന്വേഷണ സംഘം നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ, വാഹനം കൃത്യമായി കണ്ടെത്താൻ കഴിയുന്നത്ര വ്യക്തതയുള്ളതായിരുന്നില്ല ദൃശ്യങ്ങൾ. ഹെഡ്ലൈറ്റിൽ നിന്നുള്ള ശക്തമായ പ്രകാശം ക്യാമറകളിൽ പതിച്ചതിനാൽ നമ്പർ വ്യക്തമായുമില്ല. ബംഗളുരുവിലും ഹൈദരാബാദിലുമടക്കം പരിശോധന നടത്തിയെങ്കിലും ചിത്രങ്ങൾ വലുതാക്കുന്നതിൽ വിജയിച്ചില്ല. ഇറ്റലി, ബ്രിട്ടീഷ് കമ്പനികൾ വികസിപ്പിച്ച സോഫ്റ്റ്വെയറിന്റെ സഹായം തേടിയിട്ടും പ്രയോജനമുണ്ടായിരുന്നില്ല. അക്രമമുണ്ടായ സമയത്ത് എകെജി സെന്റർ വഴി കടന്നുപോയവരുടെ മൊബൈൽ വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധിയാളുകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.