റിയാദ്> കേളി കലാ സാംസ്കാരിക വേദിയുടെ ഉമ്മുൽ ഹമാം ഏരിയ അഞ്ചാം സമ്മേളനത്തോടനുബന്ധിച്ച് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് വിവിധ ഏരിയ സമ്മേളനങ്ങൾ നടന്നു വരുന്നത്. റിയാദ് എക്സിറ്റ് ആറിലെ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് ഉമ്മുൽ ഹമാം ഏരിയ പ്രസിഡന്റ് ബിജുവും, ട്രഷറർ നൗഫൽ സിദ്ദിഖും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ആദ്യ സെമിയിൽ ലെ മെറിഡിയൻസിനെ പരാജയപ്പെടുത്തി ബ്ലൂസ്റ്റാറും, രണ്ടാം സെമിയിൽ ഖാൻ സിസിയെ പരാജയപ്പെടുത്തി ടീം മുറൂജ് ഇലവനും ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരത്തിൽ ടീം മുറൂജ് ഇലവൻ നാല് വിക്കറ്റിന് ബ്ലൂ സ്റ്റാറിനെ പരാജയപ്പെടുത്തി ജേതാക്കളായി. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി ടീം മുറൂജ് ഇലവൻ അംഗം ദിവേഷ് തിരഞ്ഞെടുക്കപ്പെട്ടു. മൻസൂർ, ബാസിത്, റബ്ബാനി, ഷീൻ എന്നിവർ അമ്പയർമാരായി കളി നിയന്ത്രിച്ചു.
സമാപന-സമ്മാന വിതരണ ചടങ്ങിൽ ഏരിയ രക്ഷാധികാരി സമിതി അംഗം ചന്ദുചൂഢൻ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി പി.പി ഷാജു, ഏരിയ പ്രസിഡന്റ് ബിജു, സംഘാടക സമിതി കൺവീനർ സുരേഷ്, ജോയിന്റ് കൺവീനർ മൻസൂർ, സംഘാടക സമിതി ചെയർമാൻ കലാം, ഏരിയ കമ്മിറ്റി അംഗം അഷ്റഫ്, സംഘാടക സമിതി വൈസ് ചെയർമാൻ അനിൽ, ഏരിയ ട്രഷറർ നൗഫൽ സിദ്ദിഖ് എന്നിവർ വിജയികൾക്കും റണ്ണേഴ്സിനുമുള്ള ട്രോഫികളും വ്യക്തിഗത സമ്മാനങ്ങളും വിതരണം ചെയ്തു. അബ്ദുൽ ബാസ്സിത്, വിപീഷ് രാജൻ, അബ്ദുസലാം, മുഹമ്മദ് റാഫി എന്നിവർ ടൂർണ്ണമെന്റ് വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകി.