തിരുവനന്തപുരം/കിളിമാനൂർ > കണ്ണീർതെളിവാർന്ന കാട്ടരുവി പാറക്കെട്ടുകളെ തഴുകി 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹരദൃശ്യം ആസ്വദിക്കാം. കിളിമാനൂർ സംസ്ഥാന പാതയിൽനിന്നും ആറ് കിലോമീറ്റർ സഞ്ചരിച്ച് കുമ്മിൾ, പഴയകുന്നുമ്മൽ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഇരുന്നൂട്ടി എന്ന ഗ്രാമത്തിലാണ് പ്രകൃതിയുടെ ഈ വശ്യസൗന്ദര്യമുള്ളത്.
1071 -ൽ ശ്രീനാരായണ ഗുരു ഇവിടെ സന്ദർശിച്ച് മൂന്നുദിവസം ധ്യാനം നടത്തിയതായി ചരിത്ര രേഖകളിലുണ്ട്. ഗുരു ഇവിടെ മിശ്രഭോജനം നടത്തിയെന്നും പഴമക്കാർ പറയുന്നു. പാറമുകളിൽ ഇരുന്ന് ജാതി, മത, വർണ വേർതിരിവില്ലാതെ എല്ലാവർക്കും അന്നമൂട്ടിയതുകൊണ്ടാണ് സ്ഥലത്തിന് ‘ഇരുന്നൂട്ടി’ എന്ന പേര് ലഭിച്ചത് എന്നാണ് വിശ്വാസം. കൊല്ലവർഷം 1118 ൽ ഇവിടെ രൂപീകരിച്ച ശ്രീചിത്രാ വ്രത സമാജത്തിന്റെ രേഖകളിൽ ഗുരുവിന്റെ സന്ദർശനവും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളച്ചാട്ടത്തിനുള്ളിൽ പാറക്കെട്ടിനിടയിലുള്ള ഗുഹയും സഞ്ചാരികളെ ആകർഷിക്കുന്നു. ദിവസേന നൂറു കണക്കിന് സഞ്ചാരികൾ മീൻമൂട്ടി കാണാനെത്താറുണ്ട്. കർക്കടകവാവിന് പിതൃക്കൾക്ക് ബലിയർപ്പിക്കാനും നിരവധിപേർ എത്താറുണ്ട്. അതുകൊണ്ട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിസിലിന്റെ ആഭിമുഖ്യത്തിൽ 35 ലക്ഷം രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തി പ്രദേശം മനോഹരമാക്കിയിട്ടുണ്ട്.